ഡിസിസി നേതൃത്വം തന്റെ പേര് നിര്‍ദ്ദേശിച്ചതില്‍ സന്തോഷം; കത്ത് ചർച്ച ചെയ്യേണ്ടതില്ല; കെ മുരളീധരന്‍

k muraleedharan
k muraleedharan

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കെ മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കെ മുരളീധരൻ. ഡിസിസി നേതൃത്വം തന്റെ പേര് നിര്‍ദ്ദേശിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാൽ കത്ത് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. കൂടുതല്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധമാറും. ബാക്കി പറയാനുള്ളത് 13ന് ശേഷം പറയും. കിട്ടാത്തത് ആഗ്രഹിച്ചിട്ട് കാര്യമില്ല. ഇനി നിയമസഭയിലേക്ക് ഇല്ല. പുതിയ ആള്‍ക്കാര്‍ നിയമസഭയില്‍ നില്‍ക്കട്ടെ. നാലര വര്‍ഷത്തിന് ശേഷമുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് വരട്ടെ. അപ്പോള്‍ നോക്കാ'മെന്നും അദ്ദേഹം പറഞ്ഞു. 

എംഎല്‍എയും മന്ത്രിയുമാക്കുന്നതിനേക്കാള്‍ സന്തോഷമുണ്ട് കേരളത്തില്‍ എല്ലായിടത്തും തന്നെ സ്വീകരിക്കുന്നുണ്ടെന്നറിഞ്ഞതിൽ. 
പാലക്കാട് ഇപ്പോള്‍ ആരെ നിര്‍ത്തിയാലും കോണ്‍ഗ്രസ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പാലക്കാടേക്ക് ഇല്ലെന്നും പ്രചാരണത്തിന് ആരും ക്ഷണിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു.