‘സൂര്യനുമല്ല ചന്ദ്രനുമല്ല, മുഖ്യമന്ത്രി കറുത്ത മേഘം, പ്രസ്ഥാനത്തെ രക്ഷപെടുത്താനെങ്കിലും പിണറായി ഒഴിഞ്ഞുപോകണം' : കെ മുരളീധരൻ

k muraleedharan
k muraleedharan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലയുടെ പേര് പറയുന്നത് ആർ.എസ്.എസുകാരെ സന്തോഷിപ്പിക്കാൻ വേണ്ടിയെന്ന് കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ. മുരളീധരൻ.

ഭൂരിപക്ഷ വർഗീയതയെ കൈക്കൊള്ളുന്ന സമീപനമാണ് ഇപ്പോൾ സി.പി.എമ്മിന്‍റേത്. മുഖ്യമന്ത്രി ഇപ്പോൾ സൂര്യനുമല്ല ചന്ദ്രനുമല്ല, കറുത്ത മേഘമായി. പ്രസ്ഥാനത്തെ രക്ഷപെടുത്താനെങ്കിലും പിണറായി ഒഴിഞ്ഞുപോകണമെന്ന് മുരളീധരൻ പറഞ്ഞു.

“കഴിഞ്ഞ കുറച്ചുനാളുകളായി മുഖ്യമന്ത്രിയുടെയും മാർക്സിസ്റ്റ് പാർട്ടിയുടെയും പ്രസ്താവനകൾ ആർ.എസ്.എസ് ശൈലിയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ഭൂരിപക്ഷ വർഗീയതയെ കൈക്കൊള്ളുന്ന സമീപനമാണ് ഇപ്പോൾ അവർക്കുള്ളത്.

പി.ആർ. ഏജൻസിക്കാർ സമീപിച്ചതു പ്രകാരമാണ് മലപ്പുറത്തെ സംബന്ധിച്ച പരാമർശം നൽകിയതെന്ന് ഹിന്ദു പത്രത്തിന്‍റെ വിശദീകരണത്തിൽ പറയുന്നു. പി.ആർ ഏജൻസിക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കാൻ പിണറായി നിർദേശിക്കണം.

മലപ്പുറം ജില്ല എന്ന് മുഖ്യമന്ത്രി പ്രത്യേകം എടുത്തുപറയുന്നത് ആർ.എസ്.എസുകാരെ സന്തോഷിപ്പിക്കാൻ വേണ്ടിയല്ലേ. നേരിട്ടുപറയാനുള്ളത് ഏജൻസി വഴി മുഖ്യമന്ത്രി പറഞ്ഞെന്നാണ് ഞങ്ങൾ അനുമാനിക്കുന്നത്. അതല്ലെങ്കിൽ ഏജൻസിക്കെതിരെ കേസെടുക്കണം. ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് സർക്കാർ പി.ആർ ഏജൻസിയെ ഉപയോഗിക്കുന്നത്.

കാൾ മാർക്സോ ഏംഗൽസോ ഇന്ന് ജീവിച്ചിരുന്നെങ്കിൽ അവർ പിണറായിയെ എന്തായിരുന്നു ചെയ്യുകയെന്ന് ഇപ്പോൾ പറയുന്നില്ല. മുഖ്യമന്ത്രി ഇപ്പോൾ സൂര്യനുമല്ല ചന്ദ്രനുമല്ല, കറുത്ത മേഘമായി. കറുത്ത മേഘം മഴ പെയ്യിക്കുകയെങ്കിലും ചെയ്യും. ഇത് അതിനും ഗുണമില്ല. അതുകൊണ്ട് എത്രയും വേഗം ഒഴിഞ്ഞുപോവുക. അദ്ദേഹത്തിന്‍റെ പ്രസ്ഥാനത്തെ രക്ഷപ്പെടുത്തുക” -മുരളീധരൻ പറഞ്ഞു.

Tags