തൃശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞതെന്നും സ്വീകാര്യമല്ല : പി.കെ. കുഞ്ഞാലിക്കുട്ടി

kunjalikutty
kunjalikutty

മലപ്പുറം : തൃശൂർ പൂരം അ​ലങ്കോലപ്പെടുത്തിയ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞ ഒന്നുംതന്നെ സ്വീകാര്യമല്ലെന്ന്​ യു.ഡി.എഫ്​ നിയമസഭ കക്ഷി ഉപനേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി. പൂരം കലക്കിയെന്ന ആരോപണം ഗൗരവമുള്ളതാണ്​. അത്​ തങ്ങൾ വിടാൻ പോകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

പൊലീസ്​ കലക്കിയെന്ന ​ആരോപണം ​​പൊലീസിലെ തന്നെ വേറൊരു ഏജൻസിയായ ​ക്രൈംബ്രാഞ്ച്​ അന്വേഷിച്ചിട്ടു കാര്യമില്ല. ഇതിന്‍റെ സത്യാവസ്ഥ ജനങ്ങൾക്ക്​ അറിയണം. അൻവർ മാത്രമല്ല, വി.എസ്​. സുനിൽകുമാറടക്കം ഭരണകക്ഷി നേതാക്കൾ ഈ ആരോപണം ആവർത്തിക്കുന്ന സാഹചര്യത്തിൽ അത്​ ഗൗരവമുള്ള കാര്യമാണ്​. പൊലീസിന്‍റെ അന്വേഷണം ഒരിക്കലും സ്വീകാര്യമല്ല.

ഒരു എ.ഡി.ജി.പി ഇടപെട്ടില്ല എന്നതു മാത്രമല്ല, പൊലീസ്​ സംവിധാനമാണ്​ അവിടെ പരാജ​യപ്പെട്ടിരിക്കുന്നത്​. പ്രതിപക്ഷം ഇതിനെതിരെ പൊതുജനങ്ങൾക്കിടയിൽ ശക്​തമായ കാമ്പയിൻ സംഘടിപ്പിക്കുമെന്നും​ പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്​തമാക്കി.

Tags