വഖഫ് ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പ് : ജോസ് കെ. മാണി

jose k mani
jose k mani

തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് ജോസ് കെ. മാണി എം.പി. മുനമ്പത്തെ മുൻനിർത്തിയാണ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത്. അമുസ്ലിം അംഗങ്ങളെ കൗൺസിലിൽ ഉൾപ്പെടുത്തുന്നതിനെ അംഗീകരിക്കില്ല. തർക്കങ്ങളുണ്ടായാൽ കോടതിയിൽ പോകാൻ അനുമതി നൽകുന്ന ബില്ലിലെ വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം. 12 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ബുധനാഴ്ച അർധ രാത്രി ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. 232 അംഗങ്ങൾ എതിർത്തപ്പോൾ 288 പേർ അനുകൂലിച്ചു.

രാജ്യത്തെ മുസ്‍ലിം സമൂഹത്തിന്റെ ആശങ്കയും ആകുലതകളും അവഗണിച്ച് പാർലമെന്റി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് വിവാദ വ്യവസ്ഥകൾ എല്ലാം നിലനിർത്തിയാണ് വഖഫ് ബിൽ ലോക്സഭയിൽ പാസാക്കിയത്. പാർലമെന്ററി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണ് വിവാദ വഖഫ് ബിൽ ലോക്സഭയിൽ അടിച്ചേൽപിച്ചത്. എൻ.കെ. പ്രേമചന്ദ്രൻ, ഗൗരവ് ഗോഗോയി, കെ. സുധാകരൻ, ഇംറാൻ മസൂദ്, അസദുദ്ദീൻ ഉവൈസി, സൗഗത റോയ്, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, രാജീവ് രഞ്ജൻ, മുഹമ്മദ് ജാവേദ് തുടങ്ങിയവരുടെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളിയാണ് ബിൽ ലോക്സഭ പാസാക്കിയത്.

ഇൻഡ്യസഖ്യത്തിന്റെ ഒറ്റക്കെട്ടായ എതിർപ്പിനിടയിലും എൻ.ഡി.എ ഘടകകക്ഷികളുടെ പിന്തുണ സർക്കാർ ഉറപ്പാക്കി. ആന്ധ്രപ്രദേശിലെ തെലുഗുദേശം പാർട്ടിയും ബിഹാറിലെ ജനതാദൾ യുവും എൽ.ജെ.പിയും വഖഫ് ബില്ലിനൊപ്പം നിന്നു.
 

Tags

News Hub