പുല്ലുമേട് വഴി ശബരിമല ദർശനത്തിന് എത്തി വനത്തിനുള്ളിൽ കുടുങ്ങിയ 3 തീർത്ഥാടകരെ സംയുക്ത സേന രക്ഷപ്പെടുത്തി
വൈകിട്ട് ആറരയോടെ പാണ്ടിത്താവളത്തെ വനം വകുപ്പിന്റെ എയ്ഡ്പോസ്റ്റിൽ എത്തിയ തീർത്ഥാടകരാണ് കൂടെയുണ്ടായിരുന്ന മൂന്ന് പേർ വനത്തിൽ കുടുങ്ങിയ വിവരം അറിയിച്ചത്.
ശബരിമല : പുല്ലുമേട് വഴി ശബരിമല ദർശനത്തിന് എത്തി വനത്തിനുള്ളിൽ കുടുങ്ങിയ 3 തീർത്ഥാടകരെ സംയുക്ത സേന രക്ഷപ്പെടുത്തി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സന്നിധാനത്ത് നിന്നും മൂന്ന് കിലോമീറ്റർ ഉള്ളിലായി വനത്തിൽ കഴുതക്കുഴിക്ക് സമീപം കുടുങ്ങിപ്പോയ ചെന്നൈ ഏലൂർ റാണിപ്പേട്ട് സ്വദേശികളായ വരുൺ (20), കോടീശ്വരൻ (40), ലക്ഷ്മണൻ (50) എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ടോടെ വനം വകുപ്പ്, എൻ ഡി ആർ എഫ്, ഫയർ ഫോഴ്സ് , പോലീസ് എന്നിവരുടെ സംയുക്ത സേന രക്ഷിച്ചത്.
വൈകിട്ട് ആറരയോടെ പാണ്ടിത്താവളത്തെ വനം വകുപ്പിന്റെ എയ്ഡ്പോസ്റ്റിൽ എത്തിയ തീർത്ഥാടകരാണ് കൂടെയുണ്ടായിരുന്ന മൂന്ന് പേർ വനത്തിൽ കുടുങ്ങിയ വിവരം അറിയിച്ചത്. തുടർന്ന് തെരച്ചിലിനായി വനത്തിനുള്ളിലേക്ക് പോയ സംയുക്ത സേന അംഗങ്ങൾ ചേർന്ന് എട്ടരയോടെ സ്ട്രെക്ച്ചറിൽ പാണ്ടിത്താവളത്തിൽ എത്തിച്ച മൂവരെയും സന്നിധാനം ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.