തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് : വിജയത്തിന് ഒറ്റമൂലിയില്ല, കഠിനാധ്വാനം ചെയ്യാനാണ് മുഖ്യമന്ത്രിയുടെ ഉപദേശമെന്ന് ജോ ജോസഫ്
jo joseph

കൊച്ചി : വിജയത്തിന് ഒറ്റമൂലിയില്ലെന്നും കഠിനാധ്വാനം ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നതെന്നും തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ എല്‍‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ്. മുഖ്യമന്ത്രി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നത് എല്ലാവര്‍ക്കും ആത്മവിശ്വാസം പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"പ്രതികൂലമായ കാലാവസ്ഥ തിരിഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചിട്ടില്ല. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ചോദിക്കാനാണ് ശ്രമം. പ്രവര്‍ത്തകരും അതിനായി ശ്രമിക്കുന്നുണ്ട്. മഴമൂലം ചില പ്രദേശങ്ങളില്‍ വെള്ളക്കെട്ട് പോലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. അത് തീര്‍ച്ചയായും പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും," ജോ കൂട്ടിച്ചേര്‍ത്തു.

ഏറെ സസ്പെന്‍സുകള്‍ക്കൊടുവിലായിരുന്നു ഇടതു സ്ഥാനാര്‍ഥിയായി ജോ ജോസഫിനെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍ പ്രഖ്യാപിച്ചത്. സഭയുടെ നോമിനിയാണ് ജോയെന്നതടക്കമുള്ള ആരോപണങ്ങള്‍ പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തില്‍ സജീവമായിരുന്നു. ഉമ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എ. എന്‍ രാധാകൃഷ്ണന്‍ ബിജിപിക്കായും മത്സരിക്കും.

തൃക്കാക്കരയില്‍ പി.ടി.തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്.

Share this story