ഇങ്ങനെയൊരു അനുഭവം ഇത് ആദ്യം; പരിപാടി അവതരിപ്പിക്കുന്നതിനിടെ മൈക്ക് പിടിച്ച് വാങ്ങിയതിൽ ജാസി ഗിഫ്റ്റ്

jassie gift

കൊച്ചി: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ പാട്ടുപാടിക്കൊണ്ടിരിക്കെ പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തില്‍ പ്രതികരിച്ച് ഗായകന്‍ ജാസി ഗിഫ്റ്റ്. ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായതെന്നും ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുതെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.

പ്രധാന അധ്യാപികയ്ക്ക് പാട്ട് ഇഷ്ട്ടമായില്ല എന്നായിരുന്നു വാദം. എന്നാല്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്തുവെന്നും വിദ്യാര്‍ഥികള്‍ തനിക്ക് ഒപ്പം നിന്നുവെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീതനിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നാണ് കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പൽ പറയുന്നത്. 

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ കോളേജ് ഡേ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ജാസി ഗിഫ്റ്റ്. പാടുന്നതിനിടെ ഉദ്ഘാടകൻ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്ന നിലപാടെടുത്ത പ്രിൻസിപ്പാൾ മൈക്ക് പിടിച്ച് വാങ്ങുകയായിരുന്നു.  പ്രിൻസിപ്പാളിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോകുകയായിരുന്നു.