പ്രളയവും രോഗവും തളർത്തിയ ജഗിനയ്ക്ക് നെറ്റിപ്പട്ട നിർമ്മാണം വെറും ഹോബിയല്ല, ജീവിതമാണ്....

google news
jagani
കണ്ണൂർ : ഉത്സവ പറമ്പുകളിൽ നെറ്റിപ്പട്ടം കെട്ടി നിൽക്കുന്ന ഗജവീരൻമാർക്ക് അഴക് ഏറെയാണ്. എന്നാൽ മട്ടന്നൂർ നഗരസഭയിലെ  മണ്ണൂരിൽ ജ ഗിനയെന്ന യുവതിയുടെ വീട്ടു ചുമരിൽ തൂക്കിയിട്ട നെറ്റിപട്ടങ്ങൾക്ക് പറയാനുള്ളത് അതിജീവനത്തിൻ്റെയും ആത്മ ധൈര്യത്തിൻ്റെയും കഥയാണ്.

ഒറിജിനലിനെ വെല്ലുന്ന നെറ്റിപട്ടങ്ങൾ നിർമ്മിച്ച് ജീവിതോപാധി കണ്ടെത്തുകയാണ് നടുക്കണ്ടിപറമ്പിൽ ജഗിനയെന്ന യുവതി. പ്രളയവും കൊവിഡും അതിനു പുറമേ തന്നെ തേടിയെത്തിയ അർബുദത്തിനു മുൻപിലും കീഴടങ്ങാതെ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും പറന്നുയരുകയായിരുന്നു ജഗിനയെന്ന നാട്ടുമ്പുറത്തുകാരി.

jagina

ആരെയും വിസ്മയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു അതിജീവന കഥയാണ് ജഗിനയ്ക്കു പറയാനുള്ളത്. 2019 ൽ വീടിനടുത്ത് കുടുംബശ്രീ ഉൽപന്നങ്ങൾ ' വിൽക്കുന്നഔട്ട് ലൈറ്റ് തുറന്നു ജീവിതം മുൻപോട്ടു പോകുന്നതിനിടെയാണ് പ്രളയം ഇരച്ചെത്തിയത്. നായ്ക്കാലി പുഴയിൽ നിന്നും മല വെള്ളം ഇരച്ചു കയറി സാധനങ്ങൾ നശിച്ചു.

 തനിക്ക് അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടതായി ജ ഗിന പറയുന്നു. ഇതിനു ശേഷം നാട്ടിൽ തന്നെ തുടങ്ങിയ ഹോട്ടലും കൊവിഡ് കാലത്ത് അടച്ചു പൂട്ടി. ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് മനോജിൻ്റെ ഒറ്റവരുമാനത്തിലാണ് രണ്ടു കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കുടുംബം മുൻപോട്ടു പോയിരുന്നത്. ഇതിനിടെയാണ് വേദനയും ഒറ്റപ്പെടലുമുണ്ടാക്കിയ അർബുദം ജഗിനയെ തേടിയെത്തിയത്.

ആരും തളർന്നു പോകുന്ന പ്രതീക്ഷയറ്റ ദിവസങ്ങളെ ജഗിന മന: കരുത്ത് കൊണ്ടു മാത്രം അതിജീവിക്കുകയായിരുന്നു. കാൻസർ രോഗചികിത്സാ ചെലവ് താങ്ങാൻ പറ്റാതെ വന്നപ്പോഴാണ് വീട്ടിലിരുന്ന് എന്തെങ്കിലും വരുമാനം കണ്ടെത്തണമെന്ന് തോന്നിയത് ഇതോടെ യൂട്യൂബിൽ തെരയാൻ തുടങ്ങി ഇങ്ങനെയാണ് നെറ്റിപ്പട്ടം നിർമ്മിച്ചു വരുമാനം കണ്ടെത്തുന്ന സ്ത്രീകളെ കുറിച്ചുള്ള വീഡിയോകൾ കാണുന്നത്.

ഇതു കൊള്ളാമല്ലോയെന്ന് തോന്നിയപ്പോൾ ക്രാഫ്റ്റ് രംഗത്ത് വലിയ പരിചയമൊന്നും ഇല്ലാഞ്ഞിട്ടും നെറ്റിപ്പട്ടം തുന്നി ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഭർത്താവ് മനോജും മക്കളായ അമേഗും അമിഗയും പൂർണ പിൻതുണയോടെ എത്തിയതോടെ സംഭവം വർക്ക് ഔട്ടായി തുടങ്ങി.

 തൃശൂരിലെ ഒരു നെറ്റിപ്പട്ട നിർമ്മാണ സ്ഥാപനവുമായി ബന്ധപ്പെട്ടതോടെ ഇതിനായി ഓൺലൈൻ ക്ളാസും ലഭിച്ചു. ഇതോടെ ജീവിതം തുന്നിയെടുക്കാൻ കഴിയുമെന്ന് ജഗീനയ്ക്കു തോന്നി തുടങ്ങി. ഇതുവരെയായി ഇരുപത്തിയഞ്ചോളം നെറ്റിപ്പട്ടങ്ങൾ ഈ യുവതി നിർമ്മിച്ചിട്ടുണ്ട്. പിന്നീട് ഇൻസ്റ്റൻ്റ് ഗ്രാമിലും ഫെയ്സ്ബുക്കിലും ജഗിനയുടെ നെറ്റിപ്പട്ടങ്ങൾ കണ്ട പലരും ഓർഡറുകളുമായി എത്താൻ തുടങ്ങി.

വീടുകളിലും ഓഫിസുകളിലും അലങ്കാര വസ്തുവായി ഉപയോഗിക്കുന്ന നെറ്റിപ്പട്ടങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ അർബുദത്തെ അതിജീവിക്കുന്നതിനായി ഗർഭപാത്രം ഒഴിവാക്കിയെങ്കിലും അതിൻ്റെ പാർശ്വഫലമായ ഇൻഫെക്ഷനും വയറു വേദനയും അതിജീവിച്ചാണ് ജഗിന നെറ്റിപ്പട്ടമുണ്ടാക്കുന്നത്.

ഒരു നെറ്റിപ്പട്ടമുണ്ടാക്കുന്നതിന് മൂന്ന് ദിവസമെടുക്കുമെന്ന് ഇവർ പറയുന്നു. ചെറുതും വലുതുമായ നെറ്റിപട്ടങ്ങൾ നിർമ്മിക്കുന്നത്. ആയിരം രൂപ മുതലാണ് വില. ആവശ്യക്കാർക്ക് കൊറിയറായി ദൂരദേശങ്ങളിൽ പോലും അയച്ചു കൊടുക്കാറുണ്ട്. ഫോൺ: 98460515 91

Tags