'പുറത്താക്കുന്നതിനെക്കാള്‍ നല്ലതാണ് സ്വയം പുറത്തുപോകുന്നത്, അന്‍വറിന്റെ പുതിയ വെളിപ്പെടുത്തല്‍ കൂറുമാറ്റക്കാരന്റെ ജല്‍പനം മാത്രം'; എം.വി ജയരാജന്‍
മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച അന്‍വര്‍ പിന്നെയെന്തിനാണ് മുഖ്യമന്ത്രി പിതൃതുല്യനാണെന്ന് പറഞ്ഞതും മാപ്പുപറഞ്ഞതും?
പി വി അന്‍വറിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
പി.വി. അന്‍വറിന്റെ രാജി കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും രക്ഷപ്പെടാനുള്ള കുറുക്കുവഴിയാണ്. കോണ്‍ഗ്രസ്സിനും യുഡിഎഫിനും ഡിഎംകെയ്ക്കും വേണ്ടാതായ അന്‍വര്‍ അവസാനം അഭയം തേടിയത് തൃണമൂലിലായിരുന്നു. ആദ്യം പോയ പാര്‍ട്ടി ഡെമോക്രാറ്റിക് ഡവലപ്മെന്റ് ഓഫ് കേരളയായിരുന്നു. ചുരുക്കത്തില്‍ നാലുമാസത്തിനിടയില്‍ അഞ്ച് പാര്‍ട്ടികളില്‍ പോയപ്പോള്‍ അഭയം കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് അന്‍വര്‍ തൃണമൂലിലെത്തിയതും അതിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായതും. തൃണമൂലും തൃണംപോലെ വലിച്ചെറിയുന്ന കാലം അതിവിദൂരമല്ല.
പി. ശശി പറഞ്ഞിട്ടാണ് പ്രതിപക്ഷനേതാവിനെതിരെ ആരോപണമുന്നയിച്ചതെന്ന അന്‍വറിന്റെ പുതിയ വെളിപ്പെടുത്തല്‍ കൂറുമാറ്റക്കാരന്റെ ജല്‍പനം മാത്രമാണ്. അന്‍വറെന്താ മറ്റുള്ളവരുടെ മെഗാഫോണ്‍ ആണോ?
എഡിജിപിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും മുഖ്യമന്ത്രിക്കും കുടുംബത്തിനും പി ശശിക്കുമെതിരെ ആരോപണമുന്നയിച്ചത് സിപിഐ(എം) നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ചാണെന്ന പച്ചക്കള്ളവും തട്ടിവിടാന്‍ അന്‍വറിന് മടിയുണ്ടായില്ല. പി. ശശി നിര്‍ദ്ദേശിച്ചത് പ്രകാരമാണ് പ്രതിപക്ഷനേതാവിനെതിരെ ആരോപണമുന്നയിച്ചതെങ്കില്‍ പി ശശിക്കെതിരെ ആരോപണമുന്നയിക്കാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷനേതാവാണോ?
മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച അന്‍വര്‍ പിന്നെയെന്തിനാണ് മുഖ്യമന്ത്രി പിതൃതുല്യനാണെന്ന് പറഞ്ഞതും മാപ്പുപറഞ്ഞതും? മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കാന്‍ വേണ്ടി ഇനിയും കള്ളക്കഥകള്‍ ഇദ്ദേഹത്തില്‍ നിന്നും കേരളത്തിന് പ്രതീക്ഷിക്കാം. അപ്പോഴും ചില ചോദ്യങ്ങള്‍ക്ക് അന്‍വറിന് മറുപടി ഉണ്ടാവില്ല. വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിച്ചത് ആരെങ്കിലും പറഞ്ഞിട്ടാണോ? ബിസിനസ് ആവശ്യങ്ങള്‍ക്ക് പലരില്‍ നിന്നും കടംവാങ്ങിയത് ആരുടെ നിര്‍ദ്ദേശമനുസരിച്ചാണ്? ബിസിനസ് ഏതൊക്കെ രാജ്യങ്ങളിലുണ്ട്? എത്രനാള്‍ ബിസിനസ്സിനായി വിദേശത്ത് പോയിട്ടുണ്ട്? മറുനാടന്‍ മലയാളിയെ പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍ ഇപ്പോള്‍ ഷാജന്‍ സ്‌കറിയയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത് ആരു പറഞ്ഞിട്ടാണ്? ബംഗാളില്‍ കോണ്‍ഗ്രസ്സിന്റെ എതിര്‍പാര്‍ട്ടിയായ തൃണമൂലില്‍ ചേര്‍ന്ന അന്‍വര്‍ എന്തിനാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിച്ചത്? ഇതാരുടെ നിര്‍ദ്ദേശ പ്രകാരമാണ്? കെ.പി.സി.സി. അധ്യക്ഷന്റെയോ അല്ല പ്രതിപക്ഷനേതാവിന്റേയോ? ഈ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കിട്ടണമെങ്കില്‍ അന്‍വര്‍ ഒരിക്കല്‍ കൂടി ജനിക്കേണ്ടിയിരിക്കുന്നു!