ശബരിമലയിൽ ഡോളിക്ക് ദേവസ്വം ബോർഡ് പുതുക്കി നിശ്ചയിച്ച തുക കൂടുതൽ എന്ന് ആക്ഷേപം


പി വി സതീഷ് കുമാർ
ശബരിമല: ഡോളിക്ക് ദേവസ്വം ബോർഡ് പുതുക്കി നിശ്ചയിച്ച തുക കൂടുതൽ എന്ന് ആക്ഷേപം ഉയരുന്നു. ഒരു വശത്തേക്ക് മിനിമം 3250 രൂപ എന്നതായിരുന്നു മുൻ തീരുമാനം. എന്നാൽ ഇത് 4250 രൂപയാക്കി ഉയർത്താനാണ് ബോർഡിൻ്റെ നിലവിലെ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ബോർഡ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
പുതിയ തീരുമാന പ്രകാരം തീർത്ഥാടകൻ്റെ ശരീരഭാരം കണക്കാക്കി തുകയിൽ മാറ്റം വരും. 80 കിലോഗ്രാം വരെയുള്ളവരെ കൊണ്ടു പോകുന്നതിന് 4250 രൂപയും 80 കിലോ മുതൽ 100 കിലോഗ്രാം വരെ 5000 രൂപയും 100 കിലോയ്ക്ക് മുകളിൽ 6000 രൂപയുമാണ് ഒരു വശത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്.
ഭാരം കണക്കാക്കി ഡോളി ചാർജ് നിശ്ചയിക്കുന്നത് അപ്രായോഗികമാണെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഹൈക്കോടതിയുടെ തീരുമാനപ്രകാരം പമ്പ, നീലിമല, സന്നിധാനം എന്നിവിടങ്ങളിൽ പ്രീപെയ്ഡ് കൗണ്ടറുകൾ ഉടൻ ആരംഭിക്കുമെന്നും പുതിയ നിരക്ക് എന്നുമുതൽ നടപ്പിലാക്കണം എന്ന് തീരുമാനിച്ചിട്ടില്ലെന്നും ദേവസ്വം ബോർഡ് അംഗം അഡ്വ. എ അജികുമാർ പറഞ്ഞു.
