ആലുവയിലെ 11 ഏക്കര്‍ പാട്ടഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണം ; പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

PV Anwar MLA leveled further allegations against ADGP MR Ajith Kumar and P Sasi
PV Anwar MLA leveled further allegations against ADGP MR Ajith Kumar and P Sasi

കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചത്.

പി വി അന്‍വറിനെതിരെ കടുപ്പിച്ച് സര്‍ക്കാര്‍. ആലുവയിലെ 11 ഏക്കര്‍ പാട്ടഭൂമി  നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണത്തില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. 

കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചത്. ആദ്യ നടപടിയായി പാട്ടഭൂമിയിലെ കെട്ടിടത്തിന്റെ വിശദാംശങ്ങള്‍ തേടി എറണാകുളം എടത്തല പഞ്ചായത്തിന് കത്തയച്ചു. ബുധനാഴ്ച കിട്ടിയ കത്തിന് അന്ന് തന്നെ പഞ്ചായത്ത് മറുപടി നല്‍കി. 

പിവീസ് റിയല്‍റ്റേഴ്‌സ് ഇന്ത്യാ ലിമിറ്റഡിന്റെ കൈവശമാണ് ഭൂമിയെന്നും പ്രധാന കെട്ടിടത്തിന് നിര്‍മാണ അനുമതിയില്ലെന്നുമാണ് കത്തില്‍ പറയുന്നത്. കെട്ടിടം പണിയാന്‍ തൊട്ടടുത്തുളള നാവിക ആയുധ സംഭരണ കേന്ദ്രത്തിന്റെ സമ്മതപത്രം  ഉണ്ടായിരുന്നില്ല. ഉയരത്തിലുളള കെട്ടിട നിര്‍മാണത്തിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ സ്റ്റോപ് മെമ്മോ നല്‍കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 2016 മാര്‍ച്ച് 19ന് സ്റ്റോപ് മെമ്മോ നല്‍കിയെന്നും വിജിലന്‍സിന് പഞ്ചായത്ത് നല്‍കിയ മറുപടിയിലുണ്ട്. 

നിര്‍മാണത്തിനുളള ബില്‍ഡിങ് പെര്‍മിറ്റ് അപേക്ഷയും അനുബന്ധ രേഖകളും പഞ്ചായത്തില്‍ ലഭ്യമല്ല. ഭൂമിയിലെ 7 അനുബന്ധ നിര്‍മാണങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട്, സിനിമാ തിയേറ്റര്‍ തുടങ്ങിയവയ്ക്കാണ് അനുമതി നല്‍കിയെന്നും വിജിലന്‍സിനുളള മറുപടിയില്‍ പറയുന്നു.  

Tags