വിഭിന്ന കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുത ന്യായീകരിക്കാനാകില്ല: ഉപരാഷ്ട്രപതി

google news
jagdeep

വിഭിന്ന കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയെ ന്യായീകരിക്കാനാവില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. എല്ലാത്തരം ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും അർഹമായ പരിഗണന ലഭിക്കുമ്പോഴാണു ജനാധിപത്യം പൂവണിയുന്നത്. അഭിപ്രായങ്ങളെ രാഷ്ട്രീയക്കണ്ണുകളിലൂടെ മാത്രം കാണുന്ന രീതി മാറ്റണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നിയമ നിർമാണ സഭകളിലെ ചർച്ചകൾക്കിടെയുണ്ടാകുന്ന ബഹളവും ഒച്ചപ്പാടും രാഷ്ട്രീയായുധമാക്കരുതെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഈ പ്രവണത വർധിച്ചുവരുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളുമുണ്ടാകും. ഇവ പരിഹരിക്കേണ്ടത് ഏറ്റുമുട്ടൽ നിലാപാടുകളിലൂടെയല്ല മറിച്ച്, സഹകരിച്ചുള്ള സംവാദങ്ങളിലൂടെയാണ്. പക്ഷപാത നിലപാടുകൾക്കപ്പുറം ദേശീയ താത്പര്യത്തിനു പ്രാധാന്യം നൽകിയുള്ള നിയമ നിർമാണ ചർച്ചകൾ നടക്കണം. ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവർ പെരുമാറ്റത്തിലും നിലപാടുകളിലും അവയുടെ അന്തസ് കാത്തുസൂക്ഷിക്കുന്നവരുമായിരിക്കണം. ഗൗരവത്തോടെയും ദീർഘവീക്ഷണത്തോടെയുമുള്ള ചർച്ചകളും വാദപ്രതിവാദങ്ങളുമാണ് നിയമനിർമാണ സഭകളിൽ ഉയരേണ്ടത്. നർമവും പരിഹാസവും ബുദ്ധിയുമൊക്കെ നിറയുന്ന ഉദാത്തമായ ചർച്ചകൾ ഇക്കാലത്ത് സഭകളിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും ഗൗരവത്തോടെ കാണേണ്ട ഒന്നാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

പുരോഗമന ജനാധിപ്യത്തിലേക്കുള്ള നിയമനിർമാണത്തിൽ മഹത്തായ പാരമ്പര്യമാണു കേരള നിയമസഭയ്ക്കുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളീയ സമൂഹത്തിന്റെ പരിണാമത്തിനു കാരണമായ നിരവധി നിയമ നിർമാണങ്ങളുടെ നാഡീകേന്ദ്രമായി മാറാൻ നിയമസഭയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇഷ്ടികയും ചാന്തുംകൊണ്ടുള്ള കെട്ടിടമെന്നതിലുപരി, ജനങ്ങളുടെ പ്രതീക്ഷകളുടെ കേന്ദ്രങ്ങളാണ് നിയമ നിർമാണ സഭകൾ. ഇത്തരത്തിൽ, ജനാധിപത്യ മൂല്യങ്ങൾ പൂത്തുലയുന്ന വടവൃക്ഷമായി മാറാൻ കേരള നിയമസഭയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നു നിസംശയം പറയാൻ കഴിയും. കേരള നിയമസഭയുടെ ഓരോ കാലയളവിലും നൂറിലധികം നിയമ നിർമാണങ്ങൾ പാസാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രതിവർഷം ശരാശരി 44 ദിവസത്തോളം നിയമസഭ സമ്മേളിക്കുന്നുവെന്നതുതന്നെ ജനാധിപത്യത്തിന്റെ ശക്തിയെയാണു കാണിക്കുന്നത്. ഈ അർഥത്തിൽ 'നിയമസഭ' എന്ന ഉചിതമായ പേരിൽത്തന്നെ കേരള നിയമസഭ അറിയപ്പെടുന്നത്, ജനഹിതത്തെയും ജനാധിപത്യത്തിന്റെ ആത്മാവിനേയും ഭരണഘടനയുടെ അന്തഃസത്തയേയുമാണു കാണിക്കുന്നത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണ നയങ്ങളുടെ ഭാഗമായി രാജ്യം അതിവേഗം വളർച്ചയുടെ പടവുകൾ കയറുകയാണ്. ആഗോള സാമ്പത്തിക നേതാവായി ഈ നൂറ്റാണ്ടിൽത്തന്നെ രാജ്യം മാറും. അവസരങ്ങളുടേയും നിക്ഷേപങ്ങളുടേയും പ്രിയപ്പെട്ട കേന്ദ്രമായി ഇപ്പോൾ ഇന്ത്യ മാറിയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുടെ പട്ടികയിൽ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ അഞ്ചാമത് എത്തിയിരിക്കുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ മൂന്നാമത്തെ രാജ്യമായി നാം മാറും. വലിയ ഡിജിറ്റൽ വിപ്ലവത്തിന് രാജ്യം ഇപ്പോൾ സാക്ഷ്യംവഹിക്കുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ 1.5 ട്രില്യൺ ഡോളറിന്റെ ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ നടന്നതായാണു കണക്കുകൾ. യു.എസ്, യു.കെ, ജർമനി, ഫ്രാൻസ്, എന്നിവ ഒന്നിച്ചു നടത്തിയാലുള്ള ഇടപാടുകളുടെ നാലിരട്ടിയാണിത്.

രാജ്യത്ത് 700 ദശലക്ഷത്തിലധികം ഇന്റർനെറ്റ് ഉപഭോക്താക്കൾ ഉണ്ട്. പ്രതിശീർഷ മൊബൈൽ ഡാറ്റ ഉപയോഗത്തിൽ കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം ചൈനയുടേയും അമേരിക്കയുടേയും ആകെ ഉപയോഗത്തേക്കാൾ കൂടുതലാണിത്. ഈ കുതിപ്പിൽ സവിശേഷമായ സ്ഥാനം കേരളത്തിനുമുണ്ട്. ടെക്നോളജി പാർക്കുകളും ഇലക്ട്രോണിക് നഗരങ്ങളും സൃഷ്ടിച്ച് രാജ്യത്തിന്റെ ഐടി മേഖലയുടെ നായകത്വം കേരളം വഹിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ അതിനൂതന സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലും കേരളം മുൻപന്തിയിൽത്തന്നെയാണ്. രാജ്യം തുടങ്ങി വച്ചിട്ടുള്ള ഡിജിറ്റൽ ഇന്ത്യ പദ്ധതി പൂർണമായി പ്രയോജനപ്പെടുത്താൻ സാഹചര്യമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള മലയാളി പ്രവാസികൾ രാജ്യത്തു നടത്തുന്ന നിക്ഷേപം മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ വലിയ സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസംഗത്തിൽ കേരളത്തിന്റെ പ്രകൃതി മനോഹാരിതയേയും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ കുതിപ്പിനേയും പുകഴ്ത്തിയ ഉപരാഷ്ട്രപതി സ്വാതന്ത്ര്യ ലബ്ധിക്കു മുൻപും ശേഷവുമുള്ള കേരളത്തിന്റെ വിവിധ മേഖലകളിലെ ഉയർച്ചകളും ചൂണ്ടിക്കാണിച്ചു. ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു, ചാവര കുര്യാക്കോസ് ഏലിയാസ്, വക്കം അബ്ദുൾ ഖാദർ മൗലവി, മാർത്താണ്ഡവർമ, ശ്രീചിത്തിര തിരുന്നാൾ ബാലരാമവർമ, കെ.ആർ. നാരായണൻ, എ.പി.ജെ. അബ്ദുൾ കലാം, ഇ.എം.എസ്. നമ്പൂതിരിപ്പാട്, മമ്മൂട്ടി, മോഹൻലാൽ, പത്മശ്രീ എം.എ. യുസഫലി, യേശുദാസ്, പി.ടി. ഉഷ, ഡോ. വർഗീസ് കുര്യൻ, ഇ. ശ്രീധരൻ, ജി. മാധവൻ നായർ, ജസ്റ്റിസ് എം. ഫാത്തിമാ ബീവി, മാനുവൽ ഫെഡറിക്, അഞ്ജു ബോബി ജോർജ്, കെ.എസ്. ചിത്ര തുടങ്ങിയവർ വിവിധ മേഖലകളിൽ നൽകിയ സഭാവനകൾ അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.

ക്ലിഫ് ഹൗസിൽ നടന്ന വിരുന്നിനു ശേഷം നിയമസഭാ മന്ദിരത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി കെ.രാധാകൃഷ്ണൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എന്നിവർ ചേർന്നു സ്വീകരിച്ചു. നിയമസഭയുടെ ഉപഹാരമായി സ്പീക്കർ അദ്ദേഹത്തിന് ആറന്മുള കണ്ണാടി സമ്മാനിച്ചു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവം 2023ന്റെ സുവനീർ മുഖ്യമന്ത്രിക്കു നിൽകി ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. ലെജിസ്ലേച്ചർ കോംപ്ലസ് നവീകരണത്തിന്റെ ശിലാസ്ഥാപനവു അദ്ദേഹം നിർവഹിച്ചു. നിയമസഭാ മന്ദിരത്തിന്റെ ആർ. ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിമാർ, എം.എൽ.എ. മാർ, മുൻ എം.എൽ.എ മാർ, മുൻ സ്പീക്കർമാർ, ജനപ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉപരാഷ്ട്രപതിയായി അധികാരമേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം നിയമസഭാ വളപ്പിൽ വൃക്ഷത്തൈയും നട്ടു.

Tags