തൊഴിലാളിസംഘങ്ങളിലെ അംഗങ്ങൾക്ക് ഇൻഷ്വറൻസ്; ലേബര്‍ഫെഡ് പദ്ധതി മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

google news
dddd

അംഗസംഘങ്ങളിലെ തൊഴിലാളികള്‍ക്ക് അപകട ഇൻഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന ലേബർഫെഡ് പദ്ധതിക്കു തുടക്കമായി. പദ്ധതി സഹകരണമന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ലേബര്‍ഫെഡിന്റെ കീഴിലുള്ള എം‌വി‌ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഇൻ കോ-ഓപ്പറേഷൻ  സെന്ററിന്റെ പരിശീലനപരിപാടികളും മന്ത്രി ഉദ്ഘാടനം ചെയ്തു. ആദ്യ ഇൻഷ്വറൻസ് പോളിസി സഹകരണവകുപ്പുസെക്രട്ടറി മിനി ആന്റണി കോഴിക്കോട് കൈരളി ലേബർ സൊസൈറ്റി പ്രസിഡന്റ് സജീവന് കൈമാറി.  അംഗസംഘങ്ങള്‍ക്കുള്ള ആദ്യ ഓഹരി സർട്ടിഫിക്കറ്റ് ഊരാളുങ്കൽ സൊസൈറ്റി പ്രസിഡന്റ് രമേശൻ പാലേരിക്കു കോർപ്പറേഷൻ കൗൺസിലർ രാഖി രവികുമാർ കൈമാറി. എം‌എൽ‌എ വി. കെ. പ്രശാന്ത് അദ്ധ്യക്ഷനായി.

അപകടം നിറഞ്ഞ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് അനിവാര്യമായ ഇൻഷ്വറൻസ് പരിരക്ഷ നല്കാൻ മിക്ക ലേബർ സംഘങ്ങൾക്കും കഴിയാതിരിക്കെ ലേബർഫെഡിന്റെ പദ്ധതി വലിയ നേട്ടമാണെന്നു മന്ത്രി പറഞ്ഞു. തൊഴിലാളി അപകടം പറ്റിയാല്‍ രണ്ടു ലക്ഷം രൂപവരെ ചികിൽസയ്ക്കും മരിച്ചാല്‍ 10 ലക്ഷം രൂപയും ലഭിക്കും. അപകടം പറ്റി ജോലിക്കു പോകാന്‍ പറ്റാതെയായാല്‍ 2000 രൂപ വീതം പരമാവധി 100 ആഴ്ച വരെ ലഭിക്കുകയും ചെയ്യും. പ്രീമിയമായ 484 രൂപ ലേബർഫെഡും അംഗസംഘങ്ങളും തുല്യമായി അടയ്ക്കും. ആദ്യഘട്ടത്തില്‍ 1000 തൊഴിലാളികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പ്രാഥമിക ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണസംഘങ്ങളിലെ ഭരണസമിതിയംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും കൃത്യമായ ഇടവേളകളില്‍ ആവശ്യമായ പരിശീലനം നല്കുന്ന പരിപാടി അംഗസംഘങ്ങളെ ശക്തിപ്പെടുത്തും. ഇതിലടക്കം ഫേബർഫെഡിനെ സഹായിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയുടെ മാതൃക പിൻ‌തുടർന്നാൽ മറ്റു ലേബർ സംഘങ്ങൾക്കും വലിയ വളർച്ച നേടാനാവുമെന്നും വി. എൻ. വാസവൻ പറഞ്ഞു. ജനുവരി ഒന്നിനു പുതിയ ഭരണസമിതി നിലവിൽ വന്നശേഷം മാർച്ച് 31-വരെ ലേബർഫെഡിൽ ചേർന്ന 47 സംഘങ്ങൾക്കുള്ള അംഗത്വവിതരണമാണു മന്ത്രി നിർവ്വഹിച്ചത്. ഈ കാലയളവില്‍ ഓഹരിസമാഹരണ ക്യാമ്പയിന്‍ നടത്തി 10 ലക്ഷം രൂപയുടെ ഓഹരിമൂലധനം സമാഹരിക്കാൻ ലേബർഫെഡിനു കഴിഞ്ഞിരുന്നു.

ആവശ്യക്കാർക്കു തൊഴിലും തൊഴിലാളികളുടെ സേവനവും ലഭ്യമാക്കാൻ ഈ വർഷം സഹകരണമേഖലയില്‍ ലേബര്‍ ബാങ്ക് തുടങ്ങുമെന്ന് ലേബർഫെഡ് ചെയര്‍മാൻ എ. സി. മാത്യു  പറഞ്ഞു. ഇരുവിഭാഗത്തെയും പോർട്ടലിലൂടെ ബന്ധിപ്പിച്ച് സമാന്തര തൊഴില്‍മേഖല സൃഷ്ടിക്കും. നിര്‍മ്മാണസാമഗ്രികള്‍ മൊത്തമായി വാങ്ങി ഓരോ ജില്ലയിലെയും ലീഡ് സംഘം വഴി പത്തു ശതമാനമെങ്കിലും വിലക്കുറവിൽ വില്ക്കുന്ന മെറ്റീരിയൽ ബാങ്ക് പദ്ധതിയും ഉടൻ നടപ്പാക്കും. വേറെയും പദ്ധതികള്‍ ആലോചനയിൽ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

സഹകരണസംഘം രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ആർ. ജ്യോതിപ്രസാദ്, ഓഡിറ്റ് ഡയറക്ടർ എം. എസ്. ഷെറീൻ, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, സഹകരണ ജോയിന്റ് രജിസ്ട്രാർ ഇ. നിസാമുദീൻ, ലേബർഫെഡ് വൈസ് ചെയർപേഴ്സൺ കെ. ഷീബാമോൾ, ഭരണസമിതിയംഗം പി. ബി. സജീവ് എന്നിവർ ആശംസ നേർന്നു. ലേബർഫെഡ് എംഡി എ. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു.

Tags