ഹഡില്‍ ഗ്ലോബലിനെക്കുറിച്ചുള്ള വിവരങ്ങളിനി വിരല്‍ത്തുമ്പില്‍: മുഖ്യമന്ത്രി ആപ്പ് പുറത്തിറക്കി
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയായ ഹഡില്‍ ഗ്ലോബല്‍ 2024 ന്‍റെ വിവരങ്ങള്‍ ലഭ്യമാകുന്ന ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധികളായ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, അഷിത വി. എ, ആര്യ കൃഷ്ണന്‍, അഭിഷേക് ജെ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
ഹഡില്‍ ഗ്ലോബലിനെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ആപ്പിലൂടെ ലഭ്യമാകും. ഹഡില്‍ ഗോബല്‍ 2024 ന്‍റെ ഭാഗമാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍, പ്രഭാഷകര്‍, മാര്‍ഗനിര്‍ദേശകര്‍, നിക്ഷേപകര്‍, പങ്കാളികള്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് പുറമെ പരിപാടിയുടെ അജണ്ട, വിവിധ സെഷനുകള്‍ എന്നിവയും ആപ്പിലുണ്ടാകും. ഇന്‍വെസ്റ്റര്‍, മെന്‍റര്‍ കണക്ട് തുടങ്ങിയവയ്ക്കുള്ള സ്ളോട്ട് ബുക്ക് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. എക്സിബിഷനില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചും അവരുടെ ഉത്പന്നങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ആപ്പിലുണ്ടാകും.
ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കുന്നവര്‍ക്ക് പരസ്പരം ചാറ്റ് ചെയ്യുന്നതിനുള്ള 'കണക്ട്സ്', വിവിധ സെഷനുകള്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് നടക്കുന്നതെന്നറിയാനുള്ള 'ലൊക്കേഷന്‍', ഹഡില്‍ ഗ്ലോബലിലേക്കുള്ള പ്രവേശന പാസ്, സ്റ്റാര്‍ട്ടപ്പ് സംഗമം നടക്കുന്ന കെട്ടിടത്തിന്‍റെ ഫ്ളോര്‍ പ്ലാന്‍ തുടങ്ങി പങ്കെടുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങളെല്ലാം ഈ ആപ്പിലൂടെ വിരല്‍ത്തുമ്പിലെത്തും.
സമാനമേഖലകളില്‍ താല്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കും പരസ്പരം തിരിച്ചറിയാനും ആപ്പ് വഴി സാധിക്കും. ഹഡില്‍ ഗ്ലോബലിലെത്തുന്നവര്‍ക്ക് വിവിധ സെഷനുകള്‍ ആരംഭിക്കുമ്പോള്‍ തത്സമയം അറിയിപ്പ് നല്കുന്ന സംവിധാനവും ആപ്പിലുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ഹഡില്‍ ഗ്ലോബലിലെത്തുന്ന മുഴുവന്‍ പേര്‍ക്കും ഓണ്‍ലൈന്‍ നെറ്റ്വര്‍ക്കിംഗ് സാധ്യമാക്കാന്‍ ആപ്പ് സഹായകമാകും.
നവംബര്‍ 28-30 വരെ കോവളത്ത് നടക്കുന്ന ഹഡില്‍ ഗ്ലോബലിന്‍റെ ആറാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പതിനായിരത്തിലധികം പേരാണ് ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കുക. ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന ഹഡില്‍ ഗ്ലോബലില്‍ 3000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകളും 100 ലധികം മാര്‍ഗനിര്‍ദേശകരും പങ്കെടുക്കും. കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് മേഖലയെ ഉന്നതികളിലേക്ക് എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉല്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവ ഹഡില്‍ ഗ്ലോബലിന്‍റെ ലക്ഷ്യങ്ങളാണ്.
200 ലധികം എച്ച് എന്‍ ഐ കള്‍, 200 ലധികം കോര്‍പറേറ്റുകള്‍, 150 ലധികം പ്രഭാഷകര്‍ എന്നിവരും ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷത്തെ ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി നടന്ന സൂപ്പര്‍ കോഡേഴ്സ് ചലഞ്ചിനു പുറമെ മാര്‍ക്കറ്റിംഗ് മാഡ്നെസ്, സൂപ്പര്‍ കോഡേഴ്സ്, ഫൗണ്ടേഴ്സ് മീറ്റ്, പാര്‍ട്ട്ണര്‍ ഇന്‍ ഗ്രോത്ത്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, ബ്രാന്‍ഡിംഗ് ചലഞ്ച്, ഹഡില്‍ സ്പീഡ് ഡേറ്റിംഗ്, ബില്‍ഡ് ഇറ്റ് ബിഗ്, ടൈഗര്‍സ് ക്ലോ, സണ്‍ ഡൗണ്‍ ഹഡില്‍ എന്നിങ്ങനെയുള്ള സെഷനുകളും ഇക്കൊല്ലത്ത സ്റ്റാര്‍ട്ടപ്പ് സംഗമത്തെ ആകര്‍ഷകമാക്കും.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി https://huddleglobal.co.in/app/ ക്ലിക്ക് ചെയ്യുക.