വിദ്യാഭ്യാസത്തിന്റെ പ്രാധന്യം മാതാപിതാക്കളെ ബോധ്യപ്പെടുത്തണം: അഡ്വ: ഇന്ദിരാ രവീന്ദ്രന്‍
കൊല്ലം : വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പട്ടിക വര്‍ഗ മേഖലകളിലെ മാതാപിതാക്കളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് സംസ്ഥാന വനിതാ കമ്മിഷനംഗം അഡ്വ: ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. കൊല്ലം അച്ചന്‍കോവില്‍ പട്ടിക വര്‍ഗ മേഖലയില്‍ വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്‌കൂളുകളില്‍ കുട്ടികള്‍ കൊഴിഞ്ഞുപോകുന്നുണ്ട്.
മാതാപിതാക്കള്‍ പലപ്പോഴും ഇത് ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യമെന്ന് പറഞ്ഞു മനസിലാക്കിക്കേണ്ടത് മാതാപിതാക്കളെയാണ്. ഇതിന് വനിതാ കമ്മിഷന്‍ മുന്‍കൈയെടുക്കുമെന്നും അഡ്വ: ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സേവനങ്ങളെക്കുറിച്ചും കൂടുതല്‍ ബോധവത്കരണം ആവശ്യമാണ്.
വിദ്യാഭ്യാസ ആനുകൂല്യം, താമസ സൗകര്യം, ഉന്നത പഠന സാധ്യത, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയെക്കുറിച്ച് അറിയാത്തവര്‍ ഇനിയുമുണ്ട്. പോസ്‌കോ കേസുകളില്‍ പെട്ടുപോകുന്ന കുട്ടികളുമുണ്ട്. ഇങ്ങനെയൊരു നിയമത്തെക്കുറിച്ച് അറിവില്ലാത്തതിനാല്‍ സംഭവിക്കുന്നതാണ് അതൊക്കെ. ചെയ്തത് തെറ്റാണ് എന്ന് പോലും അവര്‍ക്ക് മനസിലായിട്ടില്ല. നിയമത്തെക്കുറിച്ച് ബോധവത്കരിക്കപ്പെട്ടിരുന്നെങ്കില്‍ ആ കുട്ടികള്‍ തെറ്റ് ചെയ്യാതിരുന്നേനെ.
ശക്തമായ ബോധവത്കരണം തുടരേണ്ടതുണ്ട് എന്നാണ് ഇത് കാണിക്കുന്നതെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.
ക്യാമ്പിന്റെ സമാപനദിനമായ ഇന്നലെ സാംസ്‌കാരിക നിലയം ഹാളില്‍ നടന്ന സെമിനാര്‍ അഡ്വ: ഇന്ദിരാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സാനു ധര്‍മ്മരാജ് അധ്യക്ഷനായിരുന്നു. വനിതാകമ്മിഷന്‍ ലോ ഓഫീസര്‍ ചന്ദ്രശോഭ, റിസര്‍ച്ച് ഓഫീസര്‍ അഡ്വ: എ.ആര്‍. അര്‍ച്ചന, വാര്‍ഡ് അംഗം സിലിമോള്‍, ട്രൈബല്‍ പ്രൊമോട്ടര്‍ സിബി മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പട്ടിക വര്‍ഗ മേഖലയിലെ വിവിധ പദ്ധതികളെക്കുറിച്ച് അച്ചന്‍കോവില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുഹമ്മദ് ഷാജിയും സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ച് കൊട്ടാരക്കര ബാറിലെ അഡ്വ: ആര്‍.ആര്‍. രാജീവും ക്ലാസെടുത്തു.
ആദ്യദിവസം വനിതാകമ്മിഷനംഗം അഡ്വ: ഇന്ദിരാ രവീന്ദ്രന്റെ നേതൃത്വത്തില്‍ പട്ടിക വര്‍ഗ മേഖലയിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഒറ്റയ്ക്ക് കഴിയുന്നതും കിടപ്പുരോഗകള്‍ ഉള്ളതുമായ വനിതകളുടെ ഭവനങ്ങളാണ് സന്ദര്‍ശിച്ചത്. തുടര്‍ന്ന് സാംസ്‌കാരിക നിലയം ഹാളില്‍ നടന്ന വിവിധ വകുപ്പ് പ്രതിനിധികളുമായുള്ള ഏകോപന യോഗവും നടന്നു. പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും നേരിട്ടറിയാനായാണ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്.