കൗതുകക്കാഴ്ചയായി അപൂർവ നിറത്തിലുള്ള കുളക്കൊക്ക്

google news
kulakkokk

കൊല്ലങ്കോട്: . അപൂർവയിനം പക്ഷികളുടെ ആവാസകേന്ദ്രമായ തെന്മല താഴ്‌വരയിലെ നെടുമണിയിൽ കൗതുകക്കാഴ്ചയായി അപൂർവ നിറത്തിലുള്ള കുളക്കൊക്ക് (ഇന്ത്യൻ പോണ്ട് ഹെറോൺ).ഇരുചിറകും പിൻവശത്തെ തൂവലുകളും പിങ്ക് നിറമുള്ളതുമായ കൊക്കിനെ നെടുമണിയിലെ കർഷകനും ശാസ്ത്രസാഹിത്യപരിഷത് പ്രവർത്തകനുമായ സക്കീർഹുസൈന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞദിവസം രാവിലെ കണ്ടത്.

കുളക്കൊക്കുകളുടെ ചരിത്രത്തിൽ ഇത്തരം നിറത്തിലുള്ളൊരു പക്ഷിയെ ഇതിനുമുമ്പ് കണ്ടതായി അറിവില്ല. എന്നാൽ, കാലാവസ്ഥാവ്യതിയാനം മൂലമോ, ജനിതകവ്യതിയാനം മൂലമോ നിറവ്യത്യാസം ഉണ്ടായതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പക്ഷികളെക്കുറിച്ച് അടുത്തറിയുന്നവർ പറയുന്നത്. അതേസമയം, ആരെങ്കിലും കൊക്കിനെ പിടികൂടി തൂവലുകളിൽ കൃത്രിമമായി ചായംപൂശി വിട്ടതാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

പക്ഷിനിരീക്ഷണത്തിലും ഫോട്ടോഗ്രാഫിയിലും കമ്പമുള്ള സക്കീർഹുസൈൻ പക്ഷിയെ കൂടുതൽ നിരീക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും കൂടുതൽസമയം ഒരിടത്ത്‌ നിൽക്കാതെ പറന്നുപോവുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അപൂർവയിനം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാറുള്ള സക്കീർ ഹുസൈൻ നിറവ്യത്യാസം പ്രകടമായ കൊക്കിന്റെ ചിത്രങ്ങൾ പക്ഷിനിരീക്ഷകരായ പലർക്കും അയച്ചുകൊടുത്ത്‌ സംശയനിവാരണം നടത്താനുള്ള ശ്രമത്തിലാണ്.

Tags