ഭാരതീയ ഭാഷകളെ വിദ്യാഭ്യാസത്തിലും തൊഴില്‍ രംഗത്തും പുനഃസ്ഥാപിക്കണം: പ്രൊഫ. കെ സി ബൈജു

ssss

പെരിയ: സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കാന്‍ ഭാരതീയ ഭാഷകളെ വിദ്യാഭ്യാസത്തിലും തൊഴില്‍ രംഗത്തും പുനഃസ്ഥാപിക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ കെ.സി. ബൈജു. സര്‍വ്വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം, ഭാരതീയ ഭാഷാ സമിതി, വിദ്യാഭ്യാസ വികാസ കേന്ദ്രം എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഭാരതീയ ഭാഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മികവാര്‍ന്ന വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഭാരതത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ സാധിക്കുകയുള്ളൂ. സമൂഹത്തിന്റെ താഴെ തലത്തില്‍ കഴിയുന്നവരെ പരിഗണിക്കാതെ ഇത് സാധ്യവുമല്ല. അതുകൊണ്ട് മാതൃഭാഷയിലൂടെ ഉള്ള വിദ്യാഭ്യാസം ശാസ്ത്രീയ സമീപനം എന്നതോടൊപ്പം സാമൂഹിക പുരോഗതിയുടെ ആധാരവും ആണ്. നമ്മുടെ വിദ്യാഭ്യാസത്തെ അതിനായി സജ്ജമാക്കുകയെന്നത് വലിയ ദൗത്യമാണ്. ഭാരതീയ ഭാഷകള്‍ വളരാനുള്ള ഒരു ആവാസ വ്യവസ്ഥ സര്‍വ്വകലാശാലകളും വിദ്യാലയങ്ങളും വളര്‍ത്തിയെടുക്കണം. അദ്ദേഹം വ്യക്തമാക്കി.

ഭാരതീയ ഭാഷകളില്‍ ഉള്ളടക്കം സൃഷ്ടിക്കാനും സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കനുമുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും വിദ്യാഭ്യാസ ഏജന്‍സികളും നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കണമെന്നും അത്തരത്തിലുള്ള മാതൃകകള്‍ താഴെത്തട്ടില്‍ ജനങ്ങള്‍ക്ക് അനുഭവവേധ്യമായി നിര്‍മ്മിക്കണമെന്നും ആമുഖ പ്രസംഗം നടത്തിയ ദേശീയ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗം എ. വിനോദ് അഭിപ്രായപ്പെട്ടു. ഡോ. എസ്. തെന്നരശു അധ്യക്ഷത വഹിച്ചു. ഡോ. ജി. പളനി രാജന്‍ സ്വാഗതവും ഡോ. സാം ങെയ് ചിംഗ് നന്ദിയും പറഞ്ഞു. വിവിധ സെഷനുകൡലായി പ്രൊഫ. അച്യുത് ശങ്കര്‍ എസ് നായര്‍, പ്രൊഫ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, ഡോ. ശിവപ്രസാദ്, ഡോ. ത്യാഗു, ഡോ. സൗമ്യ, ഡോ. പി. ശ്രീകുമാര്‍, ഡോ. ഗിരിഷ ഭട്ട് അജക്കള തുടങ്ങിയവര്‍ സംസാരിച്ചു.
 

Tags