പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കും; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് ദക്ഷിണ മേഖല സമ്മേളനം വൈത്തിരിയിൽ

Indian Institute of Architects South Region Conference at Vythiri
Indian Institute of Architects South Region Conference at Vythiri

കണ്ണൂർ: ദുരന്ത സാധ്യതാ മേഖലകളിൽ പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുന്ന സംഘടനയുടെ  ദക്ഷിണ മേഖലാ സമ്മേളനം ഈ മാസം 29, 30 തീയ്യതികളിൽ വയനാട്ടിൽ നടക്കും. സാമൂഹ്യ പ്രതിബദ്ധതയോടെ "നിർമ്മാണങ്ങൾ പരുവപ്പെടുത്തുക - പരിമിതപ്പെടുത്തുക" എന്നതാണ് സമ്മേളന പ്രമേയമെന്ന് ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റസ് കേരള ചാപ്റ്റർ കണ്ണൂർ സെൻ്ററുമായി ചേർന്നാണ് വൈത്തിരി വില്ലേജ് റിസോർട്ടിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആർക്കിടെക്ടുമാർ, പ്ലാനിംഗ് വിദഗ്ധർ, നയരൂപകർത്താക്കൾ തുടങ്ങിയ വാസ്‌തു കലയിലെ വിദഗ്ധർ പങ്കെടുക്കുന്ന ഈ സമ്മേളനം സാമൂഹ്യമായ ഉത്തരവാദിത്തം നിറവേറ്റുന്ന രീതിയിൽ ഉള്ള ഡിസൈൻ വെല്ലുവിളികൾ ചർച്ച ചെയ്യും.

Indian Institute of Architects South Region Conference at Vythiri  

അതിനൂതനമായ പ്രകൃതി സൗഹ്യദ നിർമ്മാണ രീതികളെ പറ്റിയുള്ള പഠനങ്ങൾ, ചർച്ചകൾ തുടങ്ങിയവയും സമ്മേളനം ലക്ഷ്യമിടുന്നുണ്ട്.
ഒരു പ്രകൃതി ദുരന്തത്തിൻ്റെ ക‌യ്പേറിയതും നീറുന്നതുമായ അനുഭവത്തിലൂടെ കടന്നുപോകുന്ന വയനാട്ടിൽ വെച്ചാണ് ഇത്തവണ സമ്മേളനം സംഘടിപ്പിക്കുന്നത്. ദുരന്തത്തിൻ്റെ മുറിവുകൾ ഉണക്കി വയനാടിൻ്റെ പുനർ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ദുരന്ത സാധ്യതാ മേഖലകളിൽ പ്രകൃതിയോട് ഏറ്റവും അടുത്തു നിന്ന് സാമൂഹ്യ പ്രതിബദ്ധതയോടെ നിർമ്മാണങ്ങൾ രൂപപ്പെടുത്തുക എന്ന വിഷയത്തിൽ ഊന്നൽ നൽകും.

പ്രാദേശികമായ പ്രത്യേകതകൾ ഉൾക്കൊളളുന്ന ഡിസൈനുകൾ തയ്യാറാക്കുന്നതോടൊപ്പം അതാതു മേഖലയിലെ സാംസ്കാരികമായ സവിശേഷതകൾ കൂടി പ്രതിഫലിപ്പിക്കുന്ന തനിമയുള്ള ഡിസൈനുകളിൽ ചർച്ചകൾ നടക്കും. ആർക്കിടെക്ച്ചർ മേഖലയിലെ ഏറ്റവും പ്രഗത്ഭരായ വിദഗ്ദ‌ർ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. പ്രിറ്റ്സ്‌കർ പുരസ്‌കാര ജേതാവ് അലെഹാൻഡൊ അരവേന, നൂതനവും സുസ്ഥിരവുമായ ഡിസൈനുകൾക്ക് പേരുകേട്ട അനുപമ കുണ്ടു, പ്രശസ്‌ത മലയാളി ആർക്കിട്‌ക്റ്റ് വിനു ഡാനിയൽ, പ്രമുഖ ആർക്കിടെക്റ്റുമാരായ സജയ് ഭൂഷൺ, കൽപ്പന രമേഷ്, ഡാമിർ യൂസ നോവ്, തിസാര തനപതി, പ്രതിക് ധൻമർ, സാമീർ ബസ്‌റയ്, ദീപക് ഗുകാരി, ഹർഷ് വർധൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.

ഹോട്ടൽ ബിനാലെ ഇൻ്റർനാഷനിലിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഐഐഎ കേരള ചാപ്റ്റർ ചെയർമാൻ വിനോദ് സിറിയക്, കണ്ണൂർ സെൻ്റർ ചെയർമാൻ സജോ ജോസഫ്, ഷിന്റു ജി ജോർജ്, കൺവീനർ ലിജു ടി.വി,   ലുക്മാൻ ജലീൽ, സുധീഷ് സുധർമൻ എന്നിവർ പങ്കെടുത്തു.