തലശേരിയിൽ വയോധികയെ വീടു കുത്തി തുറന്ന് കയറി ആയുധം കാട്ടി ബന്ദിയാക്കി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു

google news
In Talassery broke into the house of an elderly woman  took her hostage at gunpoint

തലശേരി: തലശേരിയിൽ  വയോധികയെ  ആയുധം കാട്ടി ഭീഷണിപ്പെടുത്തി ബന്ദിയാക്കി മോഷ്ടാക്കൾ  സ്വർണാഭരണങ്ങളും  പണവും കവർന്നു.  ചിറക്കര കെ.ടി.പി. മുക്കിലെ  ഫിഫാ സിൽ പുലർച്ചെ മൂന്നോടെയാണ് കവർച്ച നടന്നത്.  വാതിൽ തകർത്ത് അകത്ത് കയറിയ രണ്ടംഗ സംഘം ആറര പവനോളം വരുന്ന ആഭരണങ്ങളും 10,000 രൂപയും  കൊള്ളയടിച്ചു.

ചൊവ്വാഴ്ച പുലർച്ചെഒന്നര മണിക്കാണ് വീട്ടമ്മ അഫ്സത്തും, മകളും, കൊച്ചു മകളും ഉറങ്ങാൻ കിടന്നത്.  പുലർച്ചെ  മൂന്നരയോടെ കതകിൽ തട്ടുന്ന ശബ്ദം കേട്ട്  അഫ്സത്ത് എഴുന്നേറ്റു.  മുകളിൽ കിടക്കുന്ന മകൾ വിളിക്കുന്നതാവുമെന്ന് കരുതി കിടപ്പുമുറിയുടെ വാതിൽ തുറന്നു. തത്സമയം അകത്തേക്ക് ഇരച്ചുകയറിയ മോഷ്ടാക്കൾ വയോധികയായ വീട്ടമ്മയെ ബലമായി പിന്നോട്ട് തള്ളി ക്കൊണ്ടുപോയി മുറിയിലെ കസേരയിൽ ഇരുത്തിയാണ്  കവർച്ച നടത്തിയത്. ഇവരുടെ കഴുത്തിലും കാതിലും കൈയ്യിലുമുള്ള ആഭരണങ്ങൾ ബലമായി അഴിച്ചെടുത്തു. 

തൊട്ടടുത്ത മുറിയിലെ മേശ വലിപ്പുകളിൽ സൂക്ഷിച്ച 10,000 രൂപയും, രണ്ടര പവൻ സ്വർണാഭരണങ്ങളും,  എ.ടി. എം. കാർഡും കൈക്കലാക്കി.  കവർച്ചക്കിടയിൽ അഫ്സത്ത് ബഹളം വച്ചതോടെ മുകൾ നിലയിൽ നിന്നും മകൾ വാതിൽ തുറന്നു.  

ഈ ശബ്ദം കേട്ടതോടെയാണ് മോഷ്ടാക്കൾ വീട്ടിൽ നിന്നും രക്ഷപ്പെട്ടത്. ഈ വീടിന്റെ സമീപമുള്ള മറ്റ് രണ്ട് വീടുകളിലും മോഷ്ടാക്കൾ കയറിയിരുന്നു. ഇവിടെ നിന്നും കവർന്ന  കൊടുവാൾ ഉപയോഗിച്ചാണ് ഫിഫാസിന്റെ ഗ്രില്ലും വാതിലും തകർത്തത്.  വിവരം ലഭിച്ച് തലശേരി പോലീസ് എത്തി അന്വേഷണം നടത്തി. കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും എത്തി പരിശോധന നടത്തി.

Tags