കണ്ണൂരില്‍ ജയന്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാല്‍ പാര്‍ട്ടിക്കുളളില്‍ പൊട്ടിത്തെറിയും രാജിഭീഷണിയും, സുധാകരവിഭാഗത്തില്‍ നിന്നും എതിര്‍പ്പ്, അംഗീകരിക്കില്ലെന്ന് ഡി.സി.സിയും

If Jayant becomes the Congress candidate in Kannur there will be an explosion within the party and threats of resignation

റോഷിത്ത് ഗോപാൽ

കണ്ണൂര്‍: കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ കെ.ജയന്തിനെ  കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍  മത്‌സരിപ്പിച്ചാല്‍ കൂട്ടരാജി ഭീഷണിമുഴക്കി കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും. ഇതോടെ തന്റെ അതീവവിശ്വസ്തനായ കെ.ജയന്തിനെ സ്ഥാനാര്‍ത്ഥിയാക്കി മത്‌സരരംഗത്തുനിന്നും ഒഴിവാകാമെന്ന കെ.പി.സി.സി അധ്യക്ഷനും സിറ്റിങ് എം.പിയുമായ കെ.സുധാകരന്റെ കരുനീക്കങ്ങള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും മത്‌സരിച്ചു മുഖ്യമന്ത്രിയാകാനുളള നീക്കമാണ് കെ.സുധാകരന്‍ നടത്തുന്നത്.

 എന്നാല്‍ ഇതിനു തടയിടുന്നതാണ് പാര്‍ട്ടിക്കുളളിലെ പുതിയ സംഭവവികാസങ്ങള്‍. ജയന്തിനെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന വീറുംവാശിയിലുമാണ് ഗ്രൂപ്പ് ഭേദമന്യേ നേതാക്കള്‍. സുധാകര വിഭാഗത്തില്‍ നിന്നുപോലും ജയന്തിനെ അനുകൂലിക്കുന്നവര്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ്. എ ഗ്രൂപ്പുകാര്‍ വി.പി അബ്ദുല്‍ റഷീദിനെയല്ലാതെ മറ്റാരെയും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തങ്ങള്‍ അംഗീകരിക്കില്ലെന്നു  മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ കെ.സി വേണുഗോപാല്‍ പക്ഷവും ജയന്തിനെതിരാണ്. സാമുദായിക പരിഗണനവെച്ചാണ് തീയ്യ സമുദായക്കാരനായ ജയന്തിനെ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നാണ് കെ.സുധാകരന്‍ താനുമായി അടുപ്പമുളളവരോട് അറിയിച്ചത്. ആലപ്പുഴയില്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥിയാണെങ്കില്‍ കണ്ണൂരില്‍ തീയ്യ സ്ഥാനാര്‍ത്ഥി വേണമെന്നാണ് കെ.പി.സിസിയുടെ നിലപാട്.

ഇനി അഥവാ ആലപ്പുഴയില്‍ ഈഴവസ്ഥാനാര്‍ത്ഥി വരികയാണെങ്കില്‍ കണ്ണൂരില്‍ എ. ഐ.സി.സി വക്താവ് ഷമാ മുഹമ്മദ്, അഡ്വ.വി.പി അബ്ദുല്‍ റഷീദ് എന്നിവരില്‍ ഒരാള്‍ക്ക് നറുക്ക് വീണേക്കാം. എന്നാല്‍ ജയന്തിനു പകരം മുന്‍മന്ത്രി എന്‍. രാമകൃഷ്ണന്റെ മകള്‍ അമൃതാരാമകൃഷ്ണനെ മത്‌സരിപ്പിക്കണമെന്ന വാദവും പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിട്ടുണ്ട്.കെ.ജയന്തിനെതിരെ വ്യാപകമായ പരാതിയും ഒരുവിഭാഗം ഉന്നയിക്കുന്നുണ്ട്. എ. ഐ.സി.സിക്ക് വരെ വേണമെങ്കില്‍കത്തയക്കുമെന്നാണ് ഇതേ കുറിച്ചു നേതൃത്വത്തിലെ ചിലര്‍ രഹസ്യമായി പറയുന്നത്. കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായതിനു ശേഷമാണ് ജയന്ത് വീണ്ടും പാര്‍ട്ടിയില്‍ സജീവമായത്.

2018-ല്‍ പാര്‍ട്ടി രാജ്യസഭാ സീറ്റ് കെ. എം മാണിവിഭാഗത്തിന് കൊടുത്തതില്‍ പ്രതിഷേധിച്ചു രാജിവെച്ചു പോയ ചരിത്രവും ജയന്തിനുണ്ട്. പാര്‍ട്ടി ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു രാജി. ഇതിനു ശേഷം കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായതോടെയാണ് ജയന്തിന്റെ തിരിച്ചുവരവ്. അതീവവിശ്വസ്തനായതിനാല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പദവിയില്‍ സുധാകരന്‍ ഇരുത്തുകയും ചെയ്തു. ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും നടത്തുന്ന സമരാഗ്‌നി ജാഥയില്‍ ജാഥാ മാനേജരുടെ റോള്‍ വഹിക്കുകയാണ് ജയന്ത്. എന്തുതന്നെയായാലും  പാര്‍ട്ടിക്കുളളിലെപൊട്ടിത്തെറി പരിഹരിച്ചു കെ. ജയന്തിനെ മത്‌സരരംഗത്തിറക്കുകയെന്നത് കെ.സുധാകരനെ സംബന്ധിച്ചു വലിയ വെല്ലുവിളി തന്നെയായി മാറിയേക്കാം.