ഇടുക്കിയിൽ ചൊക്രമുടി ഭൂമി കയ്യേറ്റം : അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി കെ.രാജന്‍
ഇടുക്കി : ബൈസണ്‍ വാലി വില്ലേജില്‍ ചൊക്രമുടി ഭാഗത്ത് അനധികൃതമായി ഭൂമി കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയില്‍ അടിയന്തിര ഇടപെടല്‍ നടത്തി റവന്യൂ മന്ത്രി കെ.രാജന്‍. വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശം നൽകി.
കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഈ സര്‍ക്കാര്‍ സ്വീകരിക്കില്ല. ഭൂമി കയ്യേറിയതായി അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ തിരിച്ചു പിടിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. വ്യാജ പട്ടയങ്ങള്‍ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കയ്യേറ്റക്കാരോട് വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നതെന്നും അതിന് യാതൊരു മാറ്റവും ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.