ഇടുക്കി ജില്ലയിൽ കൂടുതലും വരുന്നത് ഭൂമി സംബന്ധമായ കേസുകൾ: ന്യൂനപക്ഷ കമ്മീഷൻ
ഇടുക്കി : ഇടുക്കി ജില്ലയിൽ കൂടുതലും ഭൂമി സംബന്ധമായ കേസുകളാണ് ന്യൂനപക്ഷ കമ്മീഷന് മുൻപിൽ വരുന്നതെന്ന് കമ്മീഷൻ അംഗം എ സെയ്ഫുദീൻ പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമ്മീഷൻ സിറ്റിംഗിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സ്വഭാവമുള്ള മൂന്ന് പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്.
മുന്നാർ പോതമേട് സ്വദേശിയുടെയുടെ പട്ടയം ലഭിച്ച രണ്ടര സെൻ്റിന് കരം തീർത്ത് റവന്യൂ രേഖകൾ ലഭ്യമാക്കുന്നില്ലെന്ന പരാതിയിൽ ലഭ്യമാക്കിയ സർവ്വെ റിപ്പോർട്ട് നീതിയുക്തമാണെന്ന് കമ്മീഷന്ബോധ്യപ്പെടാത്തതിനാൽ ദേവികുളം തഹസിൽദാരോട് നേരിട്ട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകി.
കോടാലിപ്പാറ കൽത്തൊട്ടി സ്വദേശിക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന പരാതിയിൽ കൽത്തൊട്ടി വില്ലേജ് ഓഫീസറോട് നടവഴിക്കുള്ള വീതി നിർണ്ണയിച്ച് നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു. ഒരു പരാതി അടുത്ത സിറ്റിംഗിലേക്ക് മാറ്റി വച്ചു.