ഇടുക്കിയിൽ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ മുറിവാലൻകൊമ്പൻ ചരിഞ്ഞു

chakkakomban
chakkakomban

തൊടുപുഴ : ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ കാട്ടാന മുറിവാലൻകൊമ്പൻ ചരിഞ്ഞു. പരിക്കേറ്റ് അതീവഗുരുതരാവസ്ഥയിലായ ആനക്ക് വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ചികിത്സ നൽകിയിരുന്നു. എന്നാൽ, നട്ടെല്ലിനോട് ചേർന്ന് ആഴത്തിലുണ്ടായ മുറിവ് മരണകാരണമായി.

ചക്കക്കൊമ്പനും മുറിവാലൻകൊമ്പനും പല ദിവസങ്ങളിലായി ചിന്നക്കനാൽ മേഖലയിൽ കൊമ്പുകോർത്തിരുന്നു. ശനിയാഴ്ച പുലർച്ചെയോടെ ചിന്നക്കനാലിലെ അറുപതേക്കർ ചോലയിൽ മുറിവാലൻകൊമ്പൻ പരിക്കേറ്റ് വീണു. ദേഹത്ത് 15 കുത്തേറ്റിരുന്നു.

21നുണ്ടായ ഏറ്റുമുട്ടലിലാണ് മുറിവാലന്‍റെ ഇടത്തെ പിൻകാലിന് പരിക്കേറ്റത്. തുടർന്ന് ആന നടക്കാൻ ബുദ്ധിമുട്ടിയിരുന്നു. ഇതോടെ വനംവകുപ്പ് ആനയെ നിരീക്ഷിക്കാൻ തുടങ്ങി. ആനകൾതമ്മിൽ പിന്നീടും ഏറ്റുമുട്ടുകയായിരുന്നു.

ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശം വിതച്ച അരിക്കൊമ്പനെ നേരത്തെ വനംവകുപ്പ് പിടികൂടിയിരുന്നു. പെരിയാർ ടൈഗർ റിസർവിൽ തുറന്നുവിട്ട ആന തമിഴ്നാട്ടിൽ കടന്ന് വൻ നാശമുണ്ടാക്കി. ഇതോടെ വീണ്ടും മയക്കുവെടിവെച്ച് പിടിച്ച് കളക്കാട് മുണ്ടൻതുറൈ ടൈഗർ റിസർവിൽ തുറന്നുവിട്ടിരിക്കുകയാണ്.

Tags