എം പി ആയപ്പോള്‍ കിട്ടിയ ശമ്പളം പോരായെന്ന് പറഞ്ഞിട്ടില്ല, കിട്ടുന്ന ശമ്പളം എങ്ങനെ പോകുന്നു എന്നത് വിശദീകരിച്ചതാണ്, വ്യക്തിപരമായി പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും രമ്യ

remya
remya

തോല്‍വിയില്‍ ദുഖമുണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

ചേലക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എംപി രമ്യ ഹരിദാസ്. ആലത്തൂര്‍ ലോക്സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും യുഡിഎഫിന് ബാലികേറാമലയായിരുന്നുവെന്ന് ഓര്‍ക്കണമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയിലെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തില്‍ എല്‍ഡിഎഫ് 2021ല്‍ നേടിയ ഭൂരിപക്ഷം കുറക്കാന്‍ സാധിച്ചെന്നും അത് ചെറിയൊരു പ്രവര്‍ത്തനമല്ലെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു. തോല്‍വിയില്‍ ദുഖമുണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
എം പി ആയപ്പോള്‍ കിട്ടിയ ശമ്പളം പോരായെന്ന് പറഞ്ഞിട്ടില്ലെന്നും കിട്ടുന്ന ശമ്പളം എങ്ങനെ പോകുന്നു എന്നത് വിശദീകരിച്ചതാണെന്നും രമ്യ പറഞ്ഞു. 1,87,000 രൂപ കിട്ടിയിട്ടും പട്ടിണി മാറാത്തവള്‍ എന്ന സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപം വേദനിപ്പിച്ചു. വ്യക്തിപരമായി പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും രമ്യ വ്യക്തമാക്കി.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ചേലക്കരയിലെ പ്രിയപ്പെട്ടവര്‍ക്ക് നന്ദി.

പ്രചരണ രംഗത്ത് കഠിനാധ്വാനം ചെയ്ത നേതാക്കളെയും സഹപ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നു.

ആലത്തൂര്‍ ലോകസഭ മണ്ഡലത്തെ സംബന്ധിച്ചും ചേലക്കര അസംബ്ലി മണ്ഡലത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുമ്പോള്‍ ഇവ രണ്ടും എന്നും യുഡിഎഫിന് ബാലികേറാമലയായിരുന്നു എന്ന് ഓര്‍ക്കണം. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ 2019 ആലത്തൂരില്‍ നമ്മള്‍ ചരിത്രം സൃഷ്ടിച്ചു. ഏറ്റവും സീനിയറായ, നിലവിലെ മന്ത്രിയായ നേതാവിനെ തന്നെ ഇറക്കി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചപ്പോഴും ഭൂരിപക്ഷം കേവലം 20000 വോട്ടായിരുന്നു.


ചേലക്കര ഉപതിരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നായിരുന്നു ഞാനടക്കം നമ്മളെല്ലാം പ്രതീക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതിനു മുമ്പ് തന്നെ നമുക്ക് ചേലക്കരയുടെ കണക്കുകള്‍ കൃത്യമായി അറിയാം. എല്ലാ പഞ്ചായത്തിലും ഇടതുപക്ഷത്തിന് കൃത്യമായ മുന്‍തൂക്കവും സംഘടനാ സംവിധാനവും ഉള്ള ഒരു മണ്ഡലമാണ് ചേലക്കര. അവിടെ കടന്നു കയറണമെങ്കില്‍ പ്രത്യേകിച്ച് ഒരു ഉപതിരഞ്ഞെടുപ്പില്‍ ഭരിക്കുന്ന സര്‍ക്കാറിന്റെ മുഴുവന്‍ സംവിധാനങ്ങളെയും ഉപയോഗിക്കുന്ന ഈ സമയത്ത് കഠിനമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള സകല ഭരണ സഹായങ്ങളും ചേലക്കരയില്‍ എത്ര ശക്തിയായി പ്രവര്‍ത്തിച്ചു എന്നതും നമ്മള്‍ കണ്ടതല്ലേ.

എന്നിട്ടും, ചേലക്കരയിലെ പ്രവര്‍ത്തകരുടെയും ജനാധിപത്യമുന്നണിയുടെ സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തില്‍ 2021ലെ നിയമസഭ തെരെഞ്ഞെടുപ്പിലെ 40000 ഓളം വരുന്ന ഭൂരിപക്ഷം 12000 വോട്ടുകളിലേക്ക് കുറയ്ക്കാന്‍ നമുക്ക് സാധിച്ചു. അത്തരം ഒരു മണ്ഡലത്തെ സംബന്ധിച്ചിടത്തോളം അതൊരു ചെറിയ പ്രവര്‍ത്തനമല്ല എന്നാണ് വ്യക്തിപരമായി എന്റെ വിലയിരുത്തല്‍.


തോല്‍വിയില്‍ വ്യക്തിപരമായി എനിക്ക് അതിയായ ദുഃഖമുണ്ട്. യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ ആഗ്രഹിച്ച ഒരു വിജയത്തിലേക്ക് എത്തിക്കാന്‍ കഴിയാത്തതില്‍ എനിക്ക് നിരാശയുമുണ്ട്.പക്ഷേ അതിജീവിച്ചല്ലേ പറ്റൂ. ഇതൊരു ജനാധിപത്യരാജ്യമല്ലേ..

കൂടുതല്‍ ശക്തിപ്പെടുത്തിയും വ്യക്തിപരമായി പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് നികത്തിയും നമുക്കു മുന്നോട്ടു പോകണം. കാലം കടന്നുപോകുമ്പോള്‍ ചേലക്കര അടക്കമുള്ള എല്ലാ കുത്തക മണ്ഡലങ്ങളും ഒരിക്കല്‍ നമ്മള്‍ പിടിച്ചടക്കും. ഈ തിരഞ്ഞെടുപ്പുമായും അല്ലാതെയും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളില്‍ കൂടി മറുപടി വേണമെന്ന് തോന്നി.


ഒന്ന്.

ഞാന്‍ മറുനാടന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നതായിരുന്നു. ഇത് സംബന്ധിച്ച് ഞാന്‍ എന്റെ നിലപാട് ഒരിക്കല്‍ വ്യക്തമാക്കിയതാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടും എനിക്ക് മമതയോ കൂറോ ഇല്ല. അങ്ങനെ പിന്തുണയ്‌ക്കേണ്ട കാര്യവുമില്ല, ഞാന്‍ പിന്തുണയ്ക്കുന്നുമില്ല. അത്തരം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ കുറിച്ച് വ്യക്തിപരമായി എനിക്ക് അത്ര നല്ല അഭിപ്രായവും അല്ല. എതിര്‍ ശബ്ദങ്ങളെ ഇല്ലാതെയാക്കുക എന്ന ഇടതുപക്ഷത്തിന്റെ നയങ്ങള്‍ നടപ്പിലാക്കുന്നത് കണ്ടപ്പോഴാണ് ഓണ്‍ലൈന്‍ മാധ്യമ വക്താവിന്റെ ചിത്രം വെച്ച് പിന്തുണയുമായി രംഗത്തെത്തിയത്. അത് അദ്ദേഹത്തിന്റെ എല്ലാ വാര്‍ത്തകള്‍ക്കുമുള്ള പിന്തുണയോ വ്യക്തിക്കുള്ള പിന്തുണയോ അല്ല, ആയിരുന്നില്ല.

എന്റെ പ്രിയപ്പെട്ട എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് അന്നത്തെ പിന്തുണ വേദന സൃഷ്ടിച്ചു എങ്കില്‍ ഞാന്‍ നിര്‍വ്വ്യാജം ഖേദം പ്രകടിപ്പിക്കുകയാണ്.

രണ്ട്.

മറ്റൊരു പ്രധാനപ്പെട്ട ആരോപണമായി സമൂഹമാധ്യമങ്ങളില്‍ എനിക്ക് നേരിടേണ്ടി വരുന്നത് എം.പി ആയപ്പോള്‍ എന്റെ ശമ്പളത്തെക്കുറിച്ച് ഞാന്‍ പറഞ്ഞതാണ്. എനിക്ക് ശമ്പളം പോരാ എന്നല്ല ഞാന്‍ പറഞ്ഞത്. കിട്ടുന്ന ശമ്പളം എങ്ങനെ പോകുന്നു എന്നതിനെ കുറിച്ചാണ്. എം.പി ആയതിനു ശേഷം ഇത്ര പണം ലഭിച്ചിട്ടും പട്ടിണിയാണെന്ന് ഞാന്‍ എവിടെയും ഒരിക്കലും പറഞ്ഞിട്ടില്ല. ശമ്പളവും അലവന്‍സുമായി ലഭിക്കുന്ന 1,87,096/- രൂപയില്‍ നിന്ന് ഒരു രൂപ പോലും കൊടുക്കാതെ വായ്പയായി വാങ്ങിയ എന്റെ വാഹനത്തിന്റെ അടവ് പോകേണ്ടിയിരുന്നു.മിക്ക ദിവസവും എത്ര കിലോമീറ്റര്‍ സഞ്ചരിക്കണം(ഇന്നോവയുടെ മൈലേജ് അറിയാമല്ലോ) നല്ലൊരു തുക ഡീസലിനായി മാറ്റിവെക്കണം,മെയിന്റനെന്‍സ് ഇതിനു പുറമേ ആണ്.

ഗവണ്‍മെന്റ് തരുന്ന ഒരു സ്റ്റാഫിനെ കൊണ്ട് മാത്രം രണ്ട് ജില്ലകളിലായി 7 നിയോജകമണ്ഡലങ്ങളിലുളള ആലത്തൂര്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയില്ലെന്ന് ഊഹിക്കാമല്ലോ.അതിനായിവെച്ച സ്റ്റാഫുകളുടെ ശമ്പളവും ഓഫീസ് വാടകയും ഇതില്‍ നിന്ന് കണ്ടെത്തണം, ഡല്‍ഹിയിലെ ഒരു സ്റ്റാഫിന്റെ ശമ്പളം ഇതിന് പുറമേ കൊടുക്കണം.ഡല്‍ഹിയിലെ വീടിന്റെ ചാര്‍ജുകള്‍. ആലത്തൂരില്‍ വീട് വാടകക്കെടുത്ത് താമസിക്കുന്ന എന്റെ വീട്ടു വാടക. എല്ലാം കൂടി ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ പറഞ്ഞുള്ളൂ പട്ടിണിയാണെന്ന് പറഞ്ഞിട്ടില്ല.പക്ഷെ ആ അഭിമുഖത്തിന്റെ ഹെഡിങ്ങായി വന്നത് 'രമ്യ ഹരിദാസ് പട്ടിണിയില്‍' എന്നാണ്.

ഒരു സമ്പാദ്യവും എന്റേതായി എനിക്കില്ല. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഒരു ജീവിത സാഹചര്യത്തില്‍ ജനിച്ചു വളര്‍ന്നവളാണ് ഞാന്‍.സ്വന്തമായി ഒരു കുഞ്ഞു വീട് സ്വപ്നം കണ്ട് ജീവിച്ച ആളാണ്, വര്‍ഷങ്ങളോളം എടുത്താണ് അതിന്റെ പ്ലാസ്റ്റററിങ്ങ്, നിലം വിരിക്കല്‍ പണി പോലും ചെയ്തത്. ഒരു ആര്‍ഭാടവും ഞാനെന്റെ ജീവിതത്തില്‍ അന്നും ഇന്നും കാണിച്ചിട്ടില്ല. ഒന്നും സമ്പാദിച്ചിട്ടുമില്ല. ഒരു രൂപ പോലും ജനസേവനത്തിനുവേണ്ടി എടുത്തുവെക്കാന്‍ എനിക്ക് എന്റേതായി വരുമാനവുമില്ല.ഒരു മാസം വണ്ടി കൂടുതല്‍ ഓടേണ്ടി വരുമ്പോള്‍ പേടിയാണ്.കാരണം ഡീസലിന് നീക്കിവവെച്ച കാശ് തീരുമോ എന്ന പേടി.ഒരു രൂപ പോലും കൈയിലില്ലാത്ത ഞാനടക്കമുള്ള 3 പൊതുപ്രവര്‍ത്തകന്റെ അവസ്ഥ വിവരിച്ചതാണ് ആ അഭിമുഖത്തില്‍.വലിയ സമ്പാദ്യങ്ങള്‍ ഇല്ലാത്ത,വരുമാനമില്ലാത്ത ഏതൊരു പൊതുപ്രവര്‍ത്തകന്റെയും അവസ്ഥ ഇതുതന്നെയാണ്,ഏത് പാര്‍ട്ടിക്കാരന്‍ ആയാലും.

അത് വിവരിക്കുക മാത്രമായിരുന്നു ഞാന്‍ ആ ഇന്റര്‍വ്യൂവില്‍ ചെയ്തത്. അത് യാഥാര്‍ത്ഥ്യവുമാണ്.

ജനപ്രതിനിധി ആകുന്നതിന് മുമ്പ് നിലമ്പൂരില്‍ ജോലി ചെയ്യുന്ന സമയത്ത് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഞാനും എന്റെ കുടുംബവും ജീവിച്ചിരുന്നത്. കഴിഞ്ഞതൊന്നും മറന്നിട്ടില്ല, മറക്കുകയുമില്ല. പക്ഷേ 1,87,000 കിട്ടിയിട്ടും പട്ടിണി മാറാത്തവള്‍ എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപം വരുമ്പോള്‍ മനസ്സ് വല്ലാതെ നോവുന്നുണ്ട്.ജീവിതത്തില്‍ അഞ്ചു രൂപ തികച്ചെടുക്കാന്‍ ഇല്ലാതിരുന്ന ഒരുകാലം എനിക്കുണ്ടായിരുന്നു.അന്ന് പലരുടേയും സഹായം കൊണ്ട് ജീവിച്ചതൊന്നും മറന്നിട്ടില്ല,ഒരിക്കലും മറക്കുകയുമില്ല.അങ്ങനെയുള്ള ഒരുവള്‍ക്ക് ജീവിക്കാന്‍ 187000 പോരാ എന്ന് പറഞ്ഞ് ആക്ഷേപിക്കരുത്,

പ്ലീസ്...അതെന്നെ വല്ലാതെ നോവിപ്പിക്കുന്നു..(ഇനി ഞാന്‍ അവതരിപ്പിച്ച കണക്കിന്റെ പേരില്‍ അധിക്ഷേപം വേണ്ട.പ്ലീസ്..എന്നെ സ്‌നേഹിക്കുന്നവരുടെ അറിവിലേക്കായി പറഞ്ഞതാണ്.)

തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോയവരാണ് നമ്മളെല്ലാം. ലോകം മുഴുവന്‍ അടക്കിവാണിരുന്ന ബ്രിട്ടീഷുകാരെ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയുടെ മണ്ണില്‍ മുട്ടുകുത്തിച്ചവരാണ് നമ്മുടെ മുന്‍ഗാമികള്‍. എല്ലാ കോട്ടകളും വീഴുന്ന ദിനങ്ങള്‍ വരും. ചങ്കുറപ്പോടെ ഒറ്റക്കെട്ടായി നമ്മള്‍ പ്രവര്‍ത്തിക്കും. തിരുത്തലുകള്‍ വരുത്തേണ്ടത് തിരുത്തലുകള്‍ വരുത്തും വരുത്തിയിരിക്കും..

നമ്മള്‍ തിരിച്ചു വരും.

ജയ് കോണ്‍ഗ്രസ്

ജയ് യുഡിഎഫ്

Tags