കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

google news
sathyabhama

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.തൃശൂര്‍ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു.

കലാമണ്ഡലം സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ അറിയിച്ചു. പരാതി നല്‍കുന്നത് സംബന്ധിച്ച് വിദഗ്ധരോട് നിയമോപദേശം തേടിയിട്ടുണ്ട്. കലാരംഗത്ത് പുതുതായി ആളുകള്‍ക്ക് കടന്നു വരാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

അധിക്ഷേപത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. ബാക്കിപത്രമായി ഇനിയും വിവേചനം അവശേഷിക്കരുത്. കറുത്തവര്‍ മോഹിനിയാട്ടം ചെയ്യരുതെന്ന ചിന്താഗതിക്കെതിരെയാണ് പോരാട്ടം. തനിക്കെതിരെ കലാമേഖലയില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. നിരന്തര വിവാദങ്ങള്‍ക്ക് പിന്നില്‍ അത്തരം ലോബികളാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നര്‍ത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും നൃത്താധ്യാപിക സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇത് തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണു കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത് വന്നത്.
 

Tags