വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് ഹോട്ടലുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം ; ടൂറിസം മന്ത്രി
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസ സ്ഥലങ്ങളിലും എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കുന്നത് കര്‍ശനമായി പാലിക്കണമെന്ന് വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
നിബന്ധന പാലിക്കുന്ന താമസ സ്ഥലങ്ങളെ ആയിരിക്കും ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷനില്‍ ഉള്‍പ്പെടുത്തുക. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ചട്ടം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഉത്തരവ്. നിബന്ധനകള്‍ കാര്യക്ഷമമായി പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ടൂറിസം ഡയറക്ടര്‍ പരിശോധിക്കും.