കൽപറ്റയിൽ ആശുപത്രി ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

google news
hang

കൽപറ്റ : ആനുകൂല്യങ്ങൾ നിഷേധിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും ആത്മഹത്യക്കുറിപ്പ് എഴുതി സ്വകാര്യ ആശുപത്രി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിലെ ക്ലീനിങ് സൂപ്പർവൈസർ പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ കണ്ടിയൂർ നെട്ടനൊഴികയിൽ തങ്കച്ചൻ (50) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ആശുപത്രിക്കു സമീപത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാഴ്ചക്ക് പ്രയാസം അനുഭവിക്കുന്ന തന്നെ മാനേജ്മെന്റ് ആനുകൂല്യങ്ങൾ നിഷേധിച്ചും മാനസികമായും പീഡിപ്പിച്ചെന്ന് തങ്കച്ചൻ എഴുതിയ ആത്മഹത്യക്കുറിപ്പിലുണ്ട്. മാനേജ്മെന്റിലെ രണ്ടുപേർ വർഷങ്ങളായി പീഡിപ്പിക്കുന്നുവെന്നും തന്റെ കുടുംബത്തിന് 20 ലക്ഷം അധികൃതർ നഷ്ടപരിഹാരം നൽകണമെന്നും കത്തിൽ പറയുന്നുണ്ട്.

കൂടാതെ ആശുപത്രിയുടെ ആംബുലൻസിലോ ഡ്രൈവർമാരെയോ തന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകുമ്പോൾ ഉപയോഗിക്കരുതെന്നും തങ്കച്ചൻ എഴുതിയിട്ടുണ്ട്. കൂടാതെ കലക്ടർ, ജില്ല പൊലീസ് മേധാവി, ലേബർ ഓഫിസർ എന്നിവർ നീതി നടത്തിത്തരണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. 

കഴിഞ്ഞ 22 വർഷമായി ആശുപത്രിയിൽ ജോലിചെയ്തു വരികയായിരുന്നു. തങ്കച്ചൻ അവിവാഹിതനാണ്. കൽപറ്റ പൊലീസ് മേൽനടപടി സ്വീകരിച്ചു. പിതാവ്: പരേതനായ തോമസ്. മാതാവ്: അന്നമ്മ. സഹോദരങ്ങൾ: ഷോബി, ലിസി, സിസ്റ്റർ ഡെയ്സി.
 

Tags