'നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ല' ; അസഭ്യ അശ്ലീല ഭാഷ പണ്ഡിത മാന്യന്മാർക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതായി ഹണി റോസ്

'I have never appeared in public wearing any clothing that is not permitted by law'; Honey Rose declares war on profanity-laced gentlemen
'I have never appeared in public wearing any clothing that is not permitted by law'; Honey Rose declares war on profanity-laced gentlemen

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലെ അശ്ലീല കമന്‍റുകൾക്കെതിരെ പൊലീസിൽ പരാതി നൽകുകയും 30ഓളം പേർ പ്രതികളാകുകയും ഒരാൾ അറസ്റ്റിലാകുകയും ചെയ്തതിന് പിന്നാലെ വീണ്ടും കുറിപ്പുമായി നടി ഹണി റോസ്.

 ഇതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു -എന്ന് നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ല. ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും -എന്ന മുന്നറിയിപ്പും നടി നൽകുന്നു.

ഹണി റോസിന്‍റെ കുറിപ്പ്:

ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ല. നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ ഞാൻ ഉത്തരവാദി അല്ല.

ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് എൻ്റെ ജോലിയുടെ ഭാഗമാണ്.

എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ഒരു Reasonable restriction വരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ എൻ്റെ നേരെ ഉള്ള വിമർശനങ്ങളിൽ അസഭ്യഅശ്ലീലപരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും.

ഒരിക്കൽ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു.

ഇന്നലെ ഹണി റോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പോടെയാണ് നിലവിലെ സംഭവങ്ങളുടെ തുടക്കം. ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് പേര് വ്യക്തമാക്കാതെ സമൂഹമാധ്യമങ്ങളിൽ നടി തുറന്നടിക്കുകയായിരുന്നു. പ്രസ്തുത വ്യക്തി ചടങ്ങുകൾക്ക് ക്ഷണിച്ചപ്പോൾ പോകാൻ വിസമ്മതിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു -എന്നും നടി പറഞ്ഞിരുന്നു.

Tags