ട്രേഡ് യൂണിയൻ അവകാശമില്ലാത്തവർ സമരം ചെയ്യുന്നതെങ്ങനെയെന്ന് ഹൈക്കോടതി

google news
സത്യപ്രതിജ്ഞാ ചടങ്ങ്: ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്നു ഹൈക്കോടതി

കൊച്ചി : ഓഫിസർമാർക്കു ട്രേഡ് യൂണിയൻ അവകാശങ്ങൾ ഇല്ല എന്നിരിക്കെ കെഎസ്ഇബി ഓഫിസർമാർക്ക് സമരം ചെയ്യാനാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതിയുടെ ചോദ്യം.

കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ സമരം നടത്തുന്നതു ചോദ്യം ചെയ്യുന്ന ഹർജികളിൽ വാദത്തിനിടെയാണു ജസ്റ്റിസ് സി.എസ്.ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇങ്ങനെ പരാമർശിച്ചത്. ഹർജികളിൽ സർക്കാരിനും കെഎസ്ഇബിക്കും വേണ്ടി അഭിഭാഷകർ നോട്ടിസ് എടുത്തു. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷനു പ്രത്യേക ദൂതൻ മുഖേന കോടതി നോട്ടിസ് പുറപ്പെടുവിച്ചു. 26നു കേസ് വീണ്ടും പരിഗണിക്കും.

കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുൺ ജോസ് നൽകിയ പൊതുതാൽപര്യ ഹർജിയും സമരം തുടരുമെന്നു പ്രഖ്യാപിച്ച സംഘടനാ നേതാവ് എം.ജി.സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കെ.വി.ജയചന്ദ്രൻ നായർ നൽകിയ ഹർജിയുമാണ് കോടതി പരിഗണിച്ചത്. സംഘടനാ നേതാവിന്റെ പ്രഖ്യാപനം സർക്കാർ ജീവനക്കാരുടെ പണിമുടക്കു വിലക്കിയ ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ആരോപിച്ചാണു ജയചന്ദ്രൻ നായരുടെ ഹർജി.

Tags