മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും

cm-pinarayi
cm-pinarayi

റവന്യൂ, നിയമ , വഖഫ് മന്ത്രിമാരും, ചീഫ് സെക്രട്ടറിയും, വകുപ്പ് സെക്രട്ടറിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. സെക്രട്ടറിയേറ്റില്‍ വൈകീട്ട് നാല് മണിക്കാണ് യോഗം.
ഭൂമിക്ക് മേല്‍ പ്രദേശവാസികള്‍ക്കുള്ള റവന്യൂ അവകാശം എങ്ങനെ പുനസ്ഥാപിക്കാം എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. 

റവന്യൂ, നിയമ , വഖഫ് മന്ത്രിമാരും, ചീഫ് സെക്രട്ടറിയും, വകുപ്പ് സെക്രട്ടറിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പ്രദേശവാസികള്‍ക്ക് ഭൂമിക്ക് മേല്‍ അവകാശം നല്‍കുന്ന കാര്യത്തില്‍ വഖഫ് ബോര്‍ഡിന്റെ നിലപാട് സര്‍ക്കാര്‍ ആരായും. അതേസമയം മുനമ്പത്ത് നടന്ന ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ പരിശോധിച്ച് റവന്യൂ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗത്തില്‍ പരിശോധിക്കും.

കേസില്‍ കക്ഷി ചേര്‍ന്നും ഡിജിറ്റല്‍ സര്‍വേ നടത്തിയും സമവായ നീക്കത്തിലെത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. മുനമ്പം ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് തീരുമാനത്തിനെതിരെ ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലില്‍ കേസ് നല്‍കിയിരുന്നു. ഇതില്‍ കക്ഷി ചേരുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.

മുനമ്പത്തെ ഭൂമിയില്‍ നിന്നും ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മുസ്ലിം സംഘടനകളും ഉറപ്പുനല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് നേതൃത്വം ക്രൈസ്തവ സഭ മേലധ്യക്ഷന്മാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ എത്രയും വേഗം പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണം എന്ന നിലപാടാണ് എല്ലാ സംഘടനകള്‍ക്കുമുള്ളത്. മുനമ്പത്തെ 614 കുടുംബങ്ങളുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മുനമ്പത്തെ ജനത ഇപ്പോഴും സമരത്തിലാണ്.

Tags