നാടകം കളിക്കരുത്; ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി; വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ്

High Court strongly criticized Bobby Chemmannur
High Court strongly criticized Bobby Chemmannur

കൊച്ചി: നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാതെയിരുന്ന  വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ബോബി കോടതിയെ മുന്നില്‍ നിര്‍ത്തി നാടകം കളിക്കരുതെന്നും ഇങ്ങനെ കളിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിപ്പ് നല്‍കി. 

'കഥമെനയാൻ ശ്രമിക്കുകയാണോ. മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണോ ബോബി ചെമ്മണ്ണൂരിന്‍റെ പ്രവർത്തിയെന്നും കോടതി ചോദിച്ചു. പ്രതിഭാഗം അഭിഭാഷകനെ വിളിച്ചുവരുത്തിയാണ് കോടതിയുടെ നീക്കം. ജാമ്യം അനുവദിച്ചിട്ടും കഴിഞ്ഞദിവസം പുറത്തിറങ്ങാതിരുന്ന നടപടിയില്‍ 12 മണിക്കകം വിശദീകരണം നല്‍കണം ഇല്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. 

കേസില്‍ അന്വേഷണം രണ്ടാഴ്ച്ചക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. ഇങ്ങനെയാണോ പ്രതി പെരുമാറേണ്ടത്. സീനിയര്‍ അഭിഭാഷകനെ കൂടി പ്രതി അപമാനിച്ചു. ബോബി ചെമ്മണ്ണൂര്‍ നിയമത്തിന് അതീതനല്ലെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് സ്വമേധയാ ഹര്‍ജി പരിഗണിക്കുന്നത്. 

നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നാടകീയ സംഭവങ്ങളായിരുന്നു ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ഉണ്ടായത്. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. 

എന്നാൽ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെയാണ് ഇന്ന് രാവിലെ ജയിലിന് പുറത്തിറങ്ങിയത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത സഹതടവുകാരെ സഹായിക്കാനാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്നായിരുന്നു പുറത്തിറങ്ങിയ ശേഷമുള്ള  ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. 

Tags