ഇന്ത്യൻ ഭരണഘടന അവഹേളിച്ചെന്ന കേസിൽ തന്‍റെ ഭാഗം ഹൈകോടതി കേട്ടില്ല ; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം : ഇന്ത്യൻ ഭരണഘടന അവഹേളിച്ചെന്ന കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി നടപടിയിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. തന്‍റെ ഭാഗം ഹൈകോടതി കേട്ടിരുന്നില്ലെന്ന് സജി ചെറിയാൻ പറഞ്ഞു.
ഹൈകോടതി നിർദേശിച്ച പുനരന്വേഷണം നടത്തണം. നീതിയുടെ ഭാഗമായി തന്‍റെ ഭാഗം കൂടി കോടതി കേൾക്കേണ്ടതായിരുന്നു. കേൾക്കാതിരിക്കാനുള്ള അവകാശവും കോടതിക്കുണ്ട്. കോടതി ഉത്തരവ് പഠിച്ച് നിയമപരമായ തുടർനടപടിയെ കുറിച്ച് ആലോചിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
ധാർമികതയെ സംബന്ധിച്ച വിഷയം ഇപ്പോഴില്ല. ധാർമികതുടെ പേരിലാണ് അന്ന് രാജിവെച്ചത്. ആ ധാർമിക ഉത്തരവാദിത്തം കഴിഞ്ഞു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ വീണ്ടും മന്ത്രിയായി. തന്‍റെ പ്രസംഗത്തിന്‍റെ ഭാഗത്തിലേക്കുള്ള കണ്ടെത്തലിലേക്ക് കോടതി ഇതുവരെ വന്നിട്ടില്ലെന്നും സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.