നടന്മാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതി പോക്സോ കേസിൽ ജാമ്യം തേടി ഹൈക്കോടതിയിൽ
കൊച്ചി: പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടന്മാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ. അറസ്റ്റ് തടയണമെന്നും മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ചെന്നൈയിലെത്തിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കി എന്ന ബന്ധുവായ പെൺകുട്ടിയുടെ പരാതിയിലാണ് മുൻകൂർ ജാമ്യം തേടിയത്. ആരോപണം വ്യാജമെന്നും പെൺകുട്ടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും പരാതിക്കാരി പറഞ്ഞു.
തനിക്കെതിരെ കേസെടുത്തിട്ടുണ്ടോയെന്ന വിവരാവകാശ അപേക്ഷയ്ക്ക് പൊലീസ് മറുപടി നൽകിയില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് നടിക്കെതിരെ മുവാറ്റുപുഴ പൊലീസ് കേസെടുത്തത്. 16 വയസുള്ളപ്പോൾ സെക്‌സ് മാഫിയക്ക് വിൽക്കാൻ ശ്രമിച്ചതായാണ് പരാതി. സംഭവത്തിൽ യുവതി ഡിജിപിക്ക് പരാതി നൽകിയിരുന്നു.