ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ ക്രൂരമായി മർദിച്ച പാപ്പാന്മാർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

google news
guruvayoor elephant

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു  .  മനുഷ്യ- മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനയ്ക്ക് ക്രൂരമായ മര്‍ദനമേറ്റ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയേയും ജൂനിയര്‍ കേശവനെയും പാപ്പാന്മാര്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. പല ദിവസങ്ങളിലായി മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ മൃഗസ്‌നേഹികളുടെയടക്കം ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ഇതിന് പിന്നാലെ സംഭവത്തില്‍ വനംവകുപ്പ് കേസെടുക്കുകയും പാപ്പാന്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ആനകളുടെ പരിക്ക് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പാപ്പാന്‍മാരെ ദേവസ്വം ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.

Tags