ദുരിതമഴ : എറണാകുളത്ത് 100ലധികം വീടുകളിൽ വെള്ളം കയറി

google news
heavy rain

എറണാകുളം ജില്ലയിൽ മഴ ശക്തമായി തുടരുന്നു. ഏലൂർ ,മൂവാറ്റുപുഴ എന്നിവിടങ്ങളിലായി നൂറിലധികം വീടുകളിൽ വെള്ളം കയറി. ജില്ലയിലെ 4 താലൂക്കുകളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് 9 കുടുംബങ്ങളിലെ 293 പേരെ മാറ്റി പാർപ്പിച്ചു.
അതേ സമയം, കോതമംഗലത്ത് വനത്തിൽ കാണാതായ ഉരുളൻ തണ്ണി സ്വദേശി പൗലോസിൻ്റെ മൃതദേഹം കണ്ടെത്തി. കനത്ത മഴയെത്തുടർന്ന് പെരിയാറിലും മൂവാറ്റുപുഴയാറിലും ക്രമാതീതമായി ജലനിരപ്പുയർന്നു.ഇതോടെ മൂവാറ്റുപുഴയിലെയും എലൂരിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മൂവാറ്റുപുഴ കൊച്ചങ്ങാടി, ഇലാഹിയ കോളനി, ആനിക്കാകുടി കോളനി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.ഏലൂരിൽ 40 ഓളം വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് മുഴുവൻ പേരെയും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി.

പെരിയാറിൽ ഒരു മീറ്ററോളം ജലനിരപ്പുയർന്നതിനെത്തുടർന്ന് ആലുവ മണപ്പുറം ശിവക്ഷേത്രം മുങ്ങി.ശക്തമായ മഴയിൽ പെരുമ്പാവൂർ കോടനാട് സ്വകാര്യ റിസോർട്ടിൽ വെള്ളം കയറി. റിസോർട്ടിൽ കുടുങ്ങിയ വിദേശികൾ ഉൾപ്പടെ 7 പേരെ പെരുമ്പാവൂർ അഗ്നിശമനസേന രക്ഷപ്പെടുത്തി. മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മോശം കാലാവസ്ഥയെത്തുടർന്ന് അപകടത്തിൽപ്പെട്ടു. ബോട്ടിൽ ഉണ്ടായിരുന്ന 15 തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് നിവാരണത്തിന് സത്വര നടപടി സ്വീകരിക്കാന്‍ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
 

Tags