സംസ്ഥാനത്ത് ഇന്നു മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

heavy-rain

സംസ്ഥാനത്ത് ഇന്നു മുതൽ മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.

Tags