കനത്ത മഴ ; നാളെ പത്തനംതിട്ട ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
പത്തനംതിട്ട: തീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്ന് അതിതീവ്രമഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ശിവാനന്ദ പൈയും റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കൂടുതല്‍ ജാഗ്രത വേണം. ഒരാഴ്ച മഴ തുടരും. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
അതിശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ മലയാറ്റൂര്‍ വനം ഡിവിഷന് കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുന്നതായി അറിയിപ്പ് വന്നു. കാലടി മഹാഗണിത്തോട്ടം, ഭൂതത്താന്‍കെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ബുധന്‍, വ്യാഴം, വെള്ളി (ജൂലൈ 31, ഓഗസ്റ്റ് 1, 2) ദിവസങ്ങളിലാണ് അടച്ചിടുക. കോട്ടയത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. ഇലവീഴാപൂഞ്ചിറ,ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലെ പ്രവേശനം നിരോധിച്ചു. ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാലയാത്രയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. ജില്ലയിലെ ഖനനപ്രവര്‍ത്തനങ്ങള്‍ക്കും വിലക്കുണ്ട്.