സ്വന്തമായി വീടോ വാഹനമോ ഇല്ല; എം കെ രാഘവന്റെ കൈവശമുള്ളത് 18,000 രൂപയും 24 ഗ്രാം സ്വര്‍ണവും

rmk raghavan

യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്റെ കൈയിലുള്ളത് 18,000 രൂപയും 24 ഗ്രാം സ്വര്‍ണവും. 5,26,181 രൂപയാണ് രാഘവന്റെ ആകെ ആസ്തി. ഭാര്യ എം കെ ഉഷയുടെ കൈയില്‍ 80 ഗ്രാം സ്വര്‍ണവും 5000 രൂപയുമാണുള്ളത്. ഭാര്യക്ക് 37,10,594 രൂപയുടെ ആസ്തിയുണ്ട്. രാഘവന്റെ പേരില്‍ നാല് ക്രിമിനല്‍ കേസുകളാണുള്ളത്. നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. കോഴിക്കോട് നടക്കാവ്, ടൗണ്‍ പൊലീസ് സ്റ്റേഷനുകളിലും കണ്ണൂരിലുമായാണ് രാഘവന്റെ പേരിലുള്ള നാല് കേസുകള്‍.

എം കെ രാഘവന്‍ ഡയറക്ടറായ അഗ്രീന്‍കോ സൊസൈറ്റി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയെത്തുടര്‍ന്നുള്ളതാണ് ഇതിലൊന്ന്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുറത്തുവന്ന ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ടുള്ളതാണ് മറ്റൊന്ന്. ഇവയില്‍ കുറ്റം ചുമത്തിയിട്ടില്ല. ആവിക്കല്‍ മലിനജന സംസ്‌കരണപ്ലാന്റിനെതിരായ സമരത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണനിയമം ലംഘിച്ചെന്നാണ് മറ്റു രണ്ടു കേസുകള്‍. 44,600 രൂപ മതിക്കുന്ന എംആര്‍പിഎല്ലിന്റെ 200 ഓഹരികള്‍ രാഘവനുണ്ട്. ജീവനക്കാരിയായ സമയത്ത് വാങ്ങിയ 7,95,172 രൂപയുടെ ഫെഡറല്‍ ബാങ്കിന്റെ 5310 ഓഹരികള്‍ ഭാര്യക്കുമുണ്ട്. ഇവരുടെ പേരില്‍ മാരുതി സ്വിഫ്റ്റ് കാറുണ്ട്.


ഇല്ലക്കാട്, കുഞ്ഞിമംഗലം എന്നിവിടങ്ങളിലായി 66 സെന്റ് സ്ഥലവുമുണ്ട്. കുഞ്ഞിമംഗലത്ത് 20 സെന്റ് സ്ഥലത്ത് 1400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും വേങ്ങേരി 13 സെന്റ് സ്ഥലത്ത് 3500 ചതുരശ്രയടിയുള്ള വീടുമുണ്ട്. 2,07,00,000 രൂപയാണ് ഭൂമിയുടെയും കെട്ടിടങ്ങളുടെയും നടപ്പ് കമ്പോളമൂല്യം. മരങ്ങാട്ടുപിള്ളി സര്‍വീസ് സഹകരണബാങ്കില്‍ 25,00,000 രൂപയും കല്ലായി എസ്ബിഐ ശാഖയില്‍ 56,00,000 രൂപയും വായ്പയുണ്ട്. 1,26,00,000 രൂപയാണ് ഉഷയുടെ ബാധ്യത. രാഘവന്റെ പേരില്‍ സ്വന്തമായി വീടോ വാഹനമോ സ്ഥലമോ സാമ്പത്തിക ബാധ്യതകളോ ഇല്ല. 202223 സാമ്പത്തികവര്‍ഷം ആദായനികുതി റിട്ടേണില്‍ കാണിച്ച ആകെ വരുമാനം 12,00,000 രൂപയാണ്. 1979ല്‍ മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നുള്ള ബിഎ ആണ് എംകെ രാഘവന്റെ വിദ്യാഭ്യാസ യോഗ്യത.

Tags