പുരയിട ഭൂമിയിലെ പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ല : ഹൈകോടതി
Jan 28, 2025, 12:30 IST


കൊച്ചി : അടിസ്ഥാന നികുതി രജിസ്റ്ററിൽ (ബി.ടി.ആർ) പുരയിടം എന്ന് രേഖപ്പെടുത്തിയ ഭൂമിയിലെ പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈകോടതി. നെൽ വയലോ തണ്ണീർത്തടമോ ആയി രജിസ്റ്റർ ചെയ്ത ഭൂമിയിൽ മാത്രമേ വില്ലേജ് ഓഫിസർക്ക് സ്റ്റോപ് മെമ്മോ നൽകാനാകൂ എന്നും ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി.
പുരയിടത്തിൽ മണ്ണിടുന്നത് തടഞ്ഞ് ആലപ്പുഴ കീരിക്കാട് വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയത് ചോദ്യംചെയ്യുന്ന ഹരജിയിലാണ് ഉത്തരവ്. നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ 12ാം വകുപ്പ് പ്രകാരമാണ് വില്ലേജ് ഓഫിസർമാർക്ക് ഇതുസംബന്ധിച്ച അധികാരമുള്ളത്. ഹരജിക്കാരുടെ ഭൂമിയിൽ വെള്ളക്കെട്ട് ഉള്ളതടക്കം സർക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഈ വാദം തള്ളി.