വീട്ടമ്മയുടെ സ്വർണക്കമ്മലും പണവും മാലിന്യച്ചാക്കിൽപ്പെട്ടു ; തിരികെ നൽകി ഹരിതസേനാംഗങ്ങൾ
harithasena

മമ്പാട് (മലപ്പുറം): മാലിന്യംനിറച്ച ചാക്കില്‍പ്പെട്ട സ്വര്‍ണാഭരണവും പണവും വീട്ടമ്മയ്ക്ക് തിരിച്ചുകിട്ടി. മമ്പാട് വള്ളിക്കെട്ടിലെ കുരുടത്ത് പദ്മിനിക്കാണ് മുക്കാല്‍ പവനോളം വരുന്ന കമ്മലും 12,500 രൂപയും നഷ്ടമായത്. ഹരിതകര്‍മസേനയ്ക്ക് കൈമാറാനുള്ള പ്ലാസ്റ്റിക് കവറുകള്‍ക്കിടയിലായിരുന്നു ആഭരണവും പണവുമടങ്ങിയ പഴ്‌സ്.

വെള്ളിയാഴ്ചയാണ് സേനാംഗങ്ങളായ തങ്ക ബാലചന്ദ്രനും ശ്രീദേവി പറമ്പാടനും മാലിന്യങ്ങള്‍ ശേഖരിക്കാന്‍ എത്തിയിരുന്നത്. പഴ്‌സ് കാണാതായെന്നത് തിരിച്ചറിഞ്ഞതോടെയാണ് മാലിന്യ സഞ്ചികളില്‍പ്പെട്ടിരിക്കാനുള്ള സാധ്യത വീട്ടുകാര്‍ ആലോചിക്കുന്നത്.

അപ്പോഴേക്കും ഇവ തരംതിരിക്കല്‍ കേന്ദ്രത്തിലെത്തിച്ചിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിനിനൊടുവിലാണ് പഴ്‌സ് കണ്ടെത്തിയത്. വാര്‍ഡംഗം പി. മുഹമ്മദിന്റെ സാന്നിധ്യത്തില്‍ ഇത് വീട്ടമ്മയ്ക്ക് കൈമാറുകയായിരുന്നു.

Share this story