മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ

Harita Karmasena earned Rs 23 crore by selling waste
Harita Karmasena earned Rs 23 crore by selling waste

കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കിയതിലൂടെ 23 കോടി രൂപ നേടി ഹരിത കർമ്മ സേന. ഈ വർഷം മാത്രം 6 കോടിയോളം രൂപയാണ്   മാലിന്യം വിറ്റ്ഹരിത കർമ്മ സേനാംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്. മാലിന്യ നിർമ്മാജന നടപടികൾ ശക്തമാക്കിയതോടെ പാഴ് വസ്തുക്കൾ വലിച്ചെറിയുന്നതും കുറഞ്ഞു.

കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുക എന്നതായിരുന്നു എൽഡിഎഫ് സർക്കാരിന്റെ സ്വപ്നം. ഇതിന്റെ ഭാഗമായി പലയിടങ്ങളിൽ നിന്നും ശേഖരിച്ച മാലിന്യം വിറ്റ് 23.38 കോടി രൂപയാണ് ഹരിത കർമ്മ സേന നേടിയത്. ഈ സാമ്പത്തിക വർഷം ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് 5.70 കോടി രൂപയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്.

കഴിഞ്ഞ സാമ്പത്തിക വർഷം 9.79 കോടി രൂപയും അതിന് മുൻപത്തെ വർഷം 5.08 കോടിയും നേടി. ഹരിത കർമ്മ സേന ശേഖരിക്കുന്ന പുനരുപയോഗിക്കാൻ കഴിയുന്ന അജൈവ വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്കാണ് നൽകുന്നത്. കമ്പനി ഇവയ്ക്ക് മികച്ച വിലയിട്ട് തുക ഹരിത കർമ്മ സേനയുടെ കൺസോർഷ്യം വഴി അക്കൗണ്ടിലേക്ക് നൽകും. നിലവിൽ 35352 ഹരിത കർമ്മ സേന അംഗങ്ങൾ ആണുള്ളത്. 2021 ജനുവരി 26 മുതലാണ് ഹരിത കർമ്മ സേന വാതിൽപടി സേവനത്തിലൂടെ ശേഖരിക്കുന്ന പ്ലാസ്റ്റിക്, വില നൽകി വാങ്ങാൻ തീരുമാനിച്ചത്. 742 തദ്ദേശസ്ഥാപനങ്ങളിലാണ് വാതിൽ പടി സേവനം നടപ്പാക്കി വരുന്നത്.

പുനരുപയോഗിക്കാനാകാത്ത അജൈവ പാഴ്വസ്തുക്കൾ സംസ്ഥാനത്തിന് പുറത്തുള്ള സിമന്റ് ഫാക്ടറികളിലേക്കാണ് നൽകുന്നത്. സംസ്ഥാന സർക്കാർ മാലിന്യമുക്ത നടപടികൾ ശക്തമാക്കിയതോടെ പാഴ് വസ്തുക്കൾ വലിച്ചെറിയാതെ ഹരിത കർമ്മ സേനയ്ക്ക് നൽകുന്നവരുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.

Tags