സി.പി.എമ്മിനെ ഞെട്ടിച്ച പാർട്ടി ഗ്രാമത്തിലെ ഒളിച്ചു പാർക്കൽ ; രേഷ്മ ടീച്ചർക്കെതിരെ സൈബർ അറ്റാക്കിങ്ങുമായി സി.പി.എം സൈബർ ഗ്രൂപ്പുകൾ
reshma

തലശേരി : പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞ വീട്ടുടമയുടെ ഭാര്യ രേഷ്മ ടീച്ചർക്കെതിരെ സൈബർ അറ്റാക്കിങ്ങുമായി സോഷ്യൽ മീഡിയയിൽ സി.പി.എം സൈബർ ഗ്രൂപ്പുകൾ. 

ഹരിദാസ് വധകേസിലെ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ നിജിൽ ദാസുമായി അസ്വാഭാവിക ബന്ധമാരോപിച്ചാണ് ഇവർക്കെതിരെ സൈബർ സഖാക്കൾ ഉറഞ്ഞു തുള്ളുന്നത്. ഇവരുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങളുണ്ടായിട്ടും അവർ ചെയ്യുന്നത് പരോക്ഷമായി ന്യായീകരിക്കുകയാണ് സി.പി.എം നേതൃത്വമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

home2

ഇതിനിടെ ഹരിദാസൻ വധക്കേസ്‌ പ്രതിയായ ആർഎസ്‌എസ്‌ നേതാവ്‌ നിജിൽദാസ്‌ ഒളിവിൽ കഴിഞ്ഞ പാണ്ട്യാലമുക്കിലെ വീട്ടുടമ അണ്ടലൂരിലെ പ്രശാന്തിന്‌ സിപി എമ്മുമായി ഒരു ബന്ധവുമില്ലെന്ന്‌ വ്യക്തമാക്കി കൊണ്ട് പിണറായി ഏരിയസെക്രട്ടറി കെ ശശിധരൻ രംഗത്തു വന്നു.

സമീപകാലത്തായി ആർഎസ്‌എസുമായാണ്‌ അടുപ്പവും ബന്ധവും പുലർത്തിയത്‌. ശബരിമല വിധിയെ തുടർന്ന്‌ പരസ്യമായി ആർഎസ്‌എസ്‌ അനുകൂല നിലപാട് സ്വീകരിച്ചയാളാണ് പ്രശാന്തൻ. കോവിഡ്‌ പശ്‌ചാത്തലത്തിൽ 2021ൽ അണ്ടലൂർ കാവിലെ ഉത്സവം ജനക്കൂട്ടമില്ലാതെ നടത്താൻ ക്ഷേത്രകമ്മിറ്റിയും ഊരാളന്മാരും തറവാട്ടുകാരും തീരുമാനിച്ചപ്പോൾ അതിനെതിരെ ആർഎസ്‌എസ്‌ നടത്തിയ നാമജപഘോഷയാത്രക്ക്‌ സഹായം ചെയ്‌തതും പ്രശാന്ത്‌ ഉൾപ്പെട്ട സംഘമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രം കുടുംബ സ്വത്താണെന്ന വാദം ഉന്നയിച്ച്‌ വിഭാഗീയത സൃഷ്‌ടിക്കാനും ശ്രമിച്ചു. ഈ ബന്ധത്തിന്റെ കൂടി ഭാഗമായാണ്‌ പ്രശാന്തിന്റെ ഭാര്യ രേഷ്‌മ കൊലക്കേസ്‌ പ്രതിയെ വീട്ടിൽ ഒളിപ്പിച്ച്‌ താമസിപ്പിച്ചതെന്നും ഏരിയസെക്രട്ടറി കെ ശശിധരൻ ആരോപിച്ചു. ഇതിനിടെ ധർമ്മടം അണ്ടലൂരിലെ പ്രശാന്തന്റെ പാർട്ടി കുടുംബമാല്ലെന്നും പ്രശാന്തൻ സി.പി.എം അനുഭാവിയല്ലെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പ്രതികരിച്ചു.

അണ്ടലൂർ കാവിലെ ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്ര അവകാശികളായ പ്രശാന്തന്റെ കുടുംബവും പ്രാദേശിക സി.പി.എം നേതൃത്വവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതു മുതലെടുത്തു കൊണ്ട് ആർ.എസ്.എസ് ഇടപെടുകയും ക്ഷേത്രം പാരമ്പര്യ അവകാശികളായ പ്രശാന്തിനും കൂട്ടർക്കൊപ്പം നിൽക്കുകയുമായിരുന്നു ഇതോടെയാണ് പാർട്ടി നേതൃത്വവും ക്ഷേത്ര കമ്മിറ്റിയിലെ ചിലരും തമ്മിലുള്ള അകൽച്ച തുടങ്ങിയത്. 

എന്നാൽ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ തന്റെ രണ്ടാമത്തെ വീടായ പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ ഒളിവിൽ താമസിക്കാൻ അനുമതി നൽകിയത് ഇയാളുടെ അറിവോടെയാണെന്ന സൂചനയാണ് പൊലിസ് നൽകുന്നത്.പ്രശാന്തന്റെ ഭാര്യയും അധ്യാപികയുമായ രേഷ്മ പുന്നോൽ ചക്യത്ത് മുക്ക് സ്വദേശിനിയാണ് അതുകൊണ്ടു തന്നെ ആർ.എസ്.എസ് സ്വാധീന പ്രദേശമായ ഇവിടെ ജനിച്ചു വളർന്ന ഇവർ പരിവാർ അനുകൂല കുടുംബാംഗമാണ്. പുന്നോലിലെ ഓട്ടോ റിക്ഷ ഡ്രൈവറായ നിജിൽ ദാസുമായി ഇവർക്ക് നേരത്തെ പരിചയമുണ്ട്.ആർ.എസ്.എസ് പ്രവർത്തകനായ നിജിൽ ദാസ് നേരത്തെയും ചില ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. 

ഹരിദാസ് വധത്തിൽ നേരിട്ടു പങ്കെടുത്തയാളെന്നാണ് ഇയാളെ കുറിച്ചു പൊലീസ് റിപ്പോർട്ടിലുള്ളത്. മൾട്ടി പ്രജിയെന്ന കേസിലെ മറ്റൊരു പ്രതിയൊടൊപ്പം ഹരിദാസിനെ മാരകമായി പരുക്കേൽപ്പിച്ചത് നിജിൽ ദാസാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനടുത്തുള്ള പുത്തങ്കണ്ടം എന്ന സ്ഥലം ആർ.എസ്.എസ് പോക്കറ്റാണ്. 

ഇവിടെ ഒളിവിൽ കഴിയാനാണ് നിജിൽ ദാസ് ആദ്യം തീരുമാനിച്ചതെങ്കിലും പൊലിസ് റെയ്ഡു ഭയന്ന് പാണ്ട്യാല മുക്കിലെ റോഡിന് എതിർ വശത്തുള്ള രേഷ്മയുടെ വീട് തെരഞ്ഞെടുത്തത്. രേഷ്മയുമായുള്ള സൗഹൃദം കാരണം ഇതു എളുപത്തിൽ സാധിക്കുകയും ചെയ്തു. 

കഴിഞ്ഞ ഏപ്രിൽ 16 വരെ പിണറായി പെരുമയ്ക്കെത്തിയ കലാകാരൻമാർ താമസിച്ചിരുന്നത് ഈ വീട്ടിലാണ്. ഇവിടെ കഴിഞ്ഞ 17 നാണ് നിജിൽ ദാസ് ഒളിവിൽ താമസിക്കാനെത്തിയത്. ഇയാൾ സാധാരണ ജീവിതമാണ് ഇവിടെ നയിച്ചതെന്നാണ് വിവരം. രേഷ്മയുടെ വീടിന് തൊട്ടടുത്താണ് പിണറായി എസ്.ഐ വാടകയ്ക്കു താമസിക്കുന്നത്. 

രേഷ്മ തന്റെ ബന്ധുവാണെന്നാണ് അയൽവാസികളോട് പറഞ്ഞിരുന്നു. ചില നേരങ്ങളിൽ കാറിൽ ഇവർ നിജിൽ ദാസിന് ഭക്ഷണമെത്തിച്ചു നൽകിയിരുന്നു. രാത്രികാലങ്ങളിൽ ഇവർ വാട്ട്സ് ആപ്പ് കോളുകൾ നിജിൽ ദാസിന് ചെയ്തിരുന്നതായും വിവരമുണ്ട്. നിജിൽ ദാസ് പിണറായി ടൗണിൽ ബൈക്കിൽ കറങ്ങിയതായും പാണ്ട്യാല മുക്കിനടുത്തെ പിണറായി ദിനേശ് കാന്റീനിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നതായും വിവരമുണ്ട്. 

home

എന്നാൽ മാസ്ക് വെച്ചതിനാൽ ഇയാളെ ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനാണ് പിണറായി പൊലീസ് സ്റ്റേഷൻ തന്നെ സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ വീടിന് മുൻപിൽ സ്ഥിരമായി ഒരു വണ്ടി പൊലിസുണ്ട്. ഇതു കൂടാതെ പുറത്തു നിന്നും ഈച്ച കടക്കാത്ത പാർട്ടി ഗ്രാമമെന്നു സി.പി.എം അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനരികെ ക്രിമിനൽ കേസിലെ പ്രതിയായ ആർ.എസ് എസ് പ്രവർത്തകൻ ഒളിവിൽ താമസിച്ചത് പാർട്ടിയെയും പൊലിസിനെയും ഒരേ പോലെ ഞെട്ടിച്ചിരിക്കുകയാണ്.

Share this story