ജിടെക് മാരത്തണ്‍ 2025: ഔദ്യോഗിക ടി-ഷര്‍ട്ട് ചാണ്ടി ഉമ്മന്‍ പുറത്തിറക്കി

GTech Marathon 2025: Official T-Shirt launched by Chandy Oommen
GTech Marathon 2025: Official T-Shirt launched by Chandy Oommen

തിരുവനന്തപുരം:  'ഡ്രഗ് ഫ്രീ കേരള' എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാനത്തെ ഐടി കമ്പനികളുടെ വ്യവസായ സ്ഥാപനമായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) സംഘടിപ്പിക്കുന്ന ജിടെക് കേരള മാരത്തണ്‍ മൂന്നാം പതിപ്പിന്‍റെ ഔദ്യോഗിക ടി-ഷര്‍ട്ട് പുറത്തിറക്കി.

ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരുടെ (റിട്ട) സാന്നിധ്യത്തില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ യാണ് ടി-ഷര്‍ട്ട് പുറത്തിറക്കിയത്.

2025 ഫെബ്രുവരി 9 ന് ടെക്നോപാര്‍ക്കിലാണ് മാരത്തണ്‍ നടക്കുക. 7500-ലധികം ഓട്ടക്കാര്‍ പങ്കെടുക്കുന്ന ലഹരി ദുരുപയോഗത്തിനെതിരെയുള്ള കേരളത്തിലെ ഏറ്റവും വലിയ മാരത്തണ്‍ ആണിത്.

നമ്മുടെ യുവജനങ്ങളും സമൂഹവും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മയക്കുമരുന്ന് ദുരുപയോഗമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇതിന്‍റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും കേരളത്തെ ലഹരിമുക്തമാക്കുന്നതിനുമായി സാമൂഹിക കാംപയിന്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ടാറ്റ എല്‍ക്സി ജിടെക് ആന്‍ഡ് സെന്‍റര്‍ ഹെഡ് (തിരുവനന്തപുരം) സെക്രട്ടറി ശ്രീകുമാര്‍ വി, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ ഡയറക്ടര്‍ മനോജ് ഇലഞ്ഞിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

ലിംഗ, പ്രായ, ഫിറ്റ്നസ് ഭേദമില്ലാതെ സമൂഹത്തിന്‍റെ വിവിധ തുറകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ളവരെ മാരത്തണ്‍ ഒരുമിച്ച് കൊണ്ടുവരും. പ്രമുഖ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ഐടി പ്രൊഫഷണലുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പ്രതിരോധ ഉദ്യോഗസ്ഥര്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹാഫ് മാരത്തണ്‍ (21.1 കി.മീ), 10 കി.മീ., ഫണ്‍ റണ്‍ (3 കി.മീ - 5 കി.മീ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മാരത്തണ്‍ നടക്കുന്നത്. രജിസ്ട്രേഷനായി  www.gtechmarathon.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Tags