2025ലെ ആദ്യ തടവുകാരി, ജയിലിലും ഒന്നാം സ്ഥാനം കൈവിടാതെ ഗ്രീഷ്മ ; സെല്ലിൽ ഗ്രീഷ്മ സമയം നീക്കുന്നത് ചിത്രം വരച്ച്
തിരുവനന്തപുരം : ഷാരോണ്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിയ ഗ്രീഷ്മയ്ക്ക് ഒന്നാം നമ്പര്‍. 2025ല്‍ ശിക്ഷിക്കപ്പെട്ട് വനിതാ ജയിലില്‍ എത്തിയ ആദ്യ പ്രതിയാണ് ഗ്രീഷ്മ. 1/2025 എന്ന നമ്പറാണ് ഗ്രീഷ്മയുടേത്. ജയിലിലെ 14ാം േബ്ലാക്കിൽ 11-ാം നമ്പർ സെല്ലിൽ രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പം 24ാമത്തെ തടവുകാരിയാണ് ഗ്രീഷ്മ.
ജയിൽ വസ്ത്രമാണ് ധരിക്കേണ്ടത്. റിമാൻഡ് പ്രതിയായി ഇവിടെ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ, ശിക്ഷിക്കപ്പെട്ടതോടെ മറ്റൊരു ഭാഗത്തെ സെല്ലിൽ അടച്ചു. സെല്ലിലിരുന്ന് ചിത്രം വരച്ചാണ് സമയം നീക്കുന്നത്.
മുന്‍പ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ സുപ്രീംകോടതിവരെ അപ്പീല്‍പോയി വിധി ഇളവുചെയ്യാനുള്ള സാധ്യതകളുള്ളതിനാല്‍ സാധാരണ സെല്ലുകളില്‍ തന്നെയാണ് വധശിക്ഷയ്ക്കു വിധിച്ചവരെയും താമസിപ്പിക്കുന്നത്.
ശിക്ഷിക്കപ്പെട്ടതിനാൽ ഗ്രീഷ്മ ഇനി ജയിലിലെ ജോലികൾ ചെയ്യേണ്ടി വരും. ഭക്ഷണപ്പുരയിലോ പാവയോ കരകൗശല വസ്തുക്കളോ നിർമ്മിക്കുന്നിടത്തോ തയ്യൽ യൂണിറ്റിലോ ആയിരിക്കും ജോലി. താത്പര്യം കൂടി ആരാഞ്ഞ ശേഷമായിരിക്കും നിയോഗിക്കുക. അഭിഭാഷകരടക്കം ആരും ഇന്നലെ ഗ്രീഷ്മയെ കാണാനെത്തിയില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞു. അടിവസ്ത്രങ്ങൾ ഒരു ബന്ധു എത്തിച്ചു.
വധശിക്ഷയായതിനാൽ ഗ്രീഷ്മയ്ക്ക് പരോൾ കിട്ടില്ല. മറ്റു തടവുകാർക്കൊപ്പമാണ് കഴിയേണ്ടത്. അപ്പീൽ പോവാനുള്ള അവസരമുണ്ട്.