ശബരിമല തീര്‍ഥാടനം : ന്യായവിലയില്‍ ഗുണമേന്മയുള്ള ഭക്ഷ്യസാധനങ്ങള്‍ ഉറപ്പാക്കും : മന്ത്രി ജി. ആര്‍. അനില്‍

 Sabarimala Pilgrimage : Quality food items at reasonable prices Will ensure - Minister G. R. Anil
 Sabarimala Pilgrimage : Quality food items at reasonable prices Will ensure - Minister G. R. Anil

പത്തനംതിട്ട : ശബരിമല തീര്‍ഥാടകര്‍ക്ക് ന്യായവിലയില്‍ ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍. തീര്‍ഥാടനത്തോടനുബന്ധിച്ച്  ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യസാധനങ്ങളുടെ ന്യായവില കലക്ടര്‍ നിശ്ചയിച്ച് മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ വിലവിവര പട്ടിക കടകളില്‍ പ്രദര്‍ശിപ്പിക്കണം. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കണം. തീര്‍ഥാടകര്‍ എത്തുന്ന വഴികളിലുള്ള റേഷന്‍കടകള്‍, സപ്ലൈകോ സ്റ്റോറുകള്‍, കലക്ടര്‍ നിശ്ചയിക്കുന്ന മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ 10 രൂപ നിരക്കില്‍  കുപ്പിയിലെ കുടിവെള്ളം ലഭ്യമാക്കണം.

പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ ശബരിമല പാതയിലുള്ള  സുഭിക്ഷാ ഹോട്ടലുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍ പരിശോധന നടത്തി ഗുണമേന്മയും അളവും ഉറപ്പാക്കണം. പമ്പയിലും പരിസര പ്രദേശങ്ങളിലും സപ്ലൈകോ മൊബൈല്‍ യൂണിറ്റ് വാഹനങ്ങള്‍ വഴി ഭക്ഷ്യസാധനങ്ങളും കുടിവെള്ളവും ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

 പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അധ്യക്ഷനായി. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ മുകുന്ദ് താക്കൂര്‍, കണ്‍ട്രോളര്‍ ഓഫ് റേഷനിംഗ് കെ. അജിത് കുമാര്‍, കോട്ടയം എഡിഎം ബീന പി. ആനന്ദ്, ഇടുക്കി എഡിഎം ഷൈജു ജേക്കബ്, ഡെപ്യൂട്ടി റേഷനിംഗ് കണ്‍ട്രോളര്‍ സി.വി. മോഹന്‍കുമാര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ അബ്ദുല്‍ ഖാദര്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണര്‍ സി. ആര്‍. രണ്‍ദീപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags