ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാക്കി മാറ്റാന്‍ ഇടതുപക്ഷം

Governor Chancellor


തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാക്കി മാറ്റാന്‍ ഇടതുപക്ഷം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായുള്ള എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് നാളെയാണ് നടക്കുന്നത്. ഒരു ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ച സമരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്.

പ്രതിഷേധം ദേശീയതലത്തില്‍ ചര്‍ച്ചയാക്കി മാറ്റുന്നതിനായി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും മാര്‍ച്ചില്‍ പങ്കെടുപ്പിക്കും. അതേസമയം, ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ പ്രതിഷേധത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. എല്‍ഡിഎഫിന്റെ സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കും. രാവിലെ പത്തിന് തുടങ്ങുന്ന പ്രതിഷേധ കൂട്ടായ്മയില്‍ വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരക്കും.

പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതല്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. ഉച്ചവരെയാണ് സമരം. അതേസമയം, എല്‍ഡിഎഫ് പ്രഖ്യാപിച്ചിട്ടുള്ള രാജ്ഭവന്‍ മാര്‍ച്ചിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹാജര്‍ ഉറപ്പു നല്‍കി ഉദ്യോസ്ഥരെയടക്കം പലരെയും സമരത്തിനിറക്കാന്‍ ശ്രമമെന്ന് ചൂണ്ടികാട്ടിയാണ് ബിജെപി ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഹര്‍ജിക്കാരന്‍.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹാജര്‍ ഉറപ്പു നല്‍കിയാണ് പലരെയും സമരത്തിനിറക്കുന്നതെന്നും സമരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നുവെന്നും സുരേന്ദ്രന്റെ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സമരത്തിനിറങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെ തടയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഗവര്‍ണര്‍ നടത്തുന്നത് വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ടാണ് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്. സര്‍വകലാശാലകളുടെ മികവ് തകര്‍ക്കുന്നതാണ് ഗവര്‍ണറുടെ നീക്കമെന്നും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ചൂണ്ടികാട്ടിയിരുന്നു. കേരളത്തിലെ വിവിധ ക്യാമ്പസുകളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന് മുന്നിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്നത്.

Share this story