സംസ്ഥാനത്തെ മത്സ്യമേഖലയിൽ മികച്ച ഇടപെടലാണ് സർക്കാർ നടത്തുന്നത് : മന്ത്രി സജി ചെറിയാൻ

Minister Saji Cherian

 മലപ്പുറം :  സംസ്ഥാനത്തെ മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയുടെ പുരോഗതി ഉറപ്പുവരുത്തുന്നതിനുമായി സർക്കാർ മികച്ച ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ.സംസ്ഥാനത്ത് നിർമ്മാണം പൂർത്തീകരിച്ച 44 തീരദേശ റോഡുകളുടെ ഉദ്ഘാടനം ഓൺലൈനായി  നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.തീരദേശ മേഖലയിൽ സ്ത്രീ ശാക്തീകരണം, വിദ്യാർഥികളുടെ ഉന്നമനം എന്നിവ ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തു വരുന്നത്.  കേരളത്തിൽ തീരദേശ ഹൈവേ പൂർത്തിയാവുന്നതോടെ മേഖലയിൽ സമഗ്രമായ വികസനത്തിന് വലിയ തരത്തിൽ ഇടവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മത്സ്യബന്ധന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയർ എം.എ മുഹമ്മദ് അൻസാരി റിപ്പോർട്ട് അവതരിപ്പിച്ചു.ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ ഫണ്ടിൽ നിന്നും നിർമാണം പൂർത്തിയാക്കിയ മൂന്ന് റോഡുകളുടെ ഉദ്ഘാടനമാണ് പൊന്നാനി മണ്ഡലത്തിൽ മന്ത്രി നിർവ്വഹിച്ചത്. 

26.70 ലക്ഷം രൂപ ചെലവിൽ  നിർമ്മിച്ച പൊന്നാനി മുനിസിപാലിറ്റിയിലെ ബദരിയ്യ മദ്രസ്സ മുതൽ നാലകത്ത് കുഞ്ഞീവി വീട് വരെയുള്ള റോഡും ഡ്രൈനേജിൻ്റെ നിർമ്മാണവും, 66 ലക്ഷം രൂപ ചെലവിൽ  നിർമ്മിച്ച ചെയ്ത കരാർകോട് ചെറവല്ലൂർ കടവ് റോഡ്,42 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച തെക്കേത്തട്ടുപറമ്പ് അള്ളായി മദ്രസ്സ റോഡ് എന്നീ റോഡുകളാണ് പൊന്നാനിയിൽ ഉദ്ഘാടനം ചെയ്തത്.

പൊന്നാനി നഗരസഭയിൽ നടന്ന പരിപാടിയിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ശിലാഫലകം എം.എൽ.എ അനാച്ഛാദനം ചെയ്തു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ,
പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഷീന സുദേശൻ, ഒ.ഒ. ഷംസു, വെളിയങ്കോട് സ്ഥിരം സമിതി അധ്യക്ഷൻ സൈദ് പുഴങ്കര,  കൗൺസിലർ സൈഫു പൂളക്കൽ,
ഹാർബർ എ.ഇ.ഇ. രാജീവ്, മുൻ നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു.

Tags