ആരോഗ്യവകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നതിന് വിലക്ക്

google news
SOCIAL MEDIA

ആരോഗ്യവകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നതിന് വിലക്കേര്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. മാര്‍ച്ച് 13നാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഉത്തരവ് അധികാര ദുര്‍വിനിയോഗമാണെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ആരോപിച്ചു. പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസ്സം സൃഷ്ടിക്കാതെയും സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നതിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയാല്‍ ചട്ടലംഘനങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് എന്ന് ഉത്തരവില്‍ പറയുന്നു.

യൂട്യൂബ്, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ ചാനല്‍ തുടങ്ങിയാല്‍, നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് എത്തുകയും വീഡിയോകള്‍ കൂടുതല്‍ ആളുകള്‍ കാണുകയും ചെയ്താല്‍ പരസ്യ വരുമാനം ഉള്‍പ്പെടെ സാമ്പത്തിക നേട്ടം ലഭിക്കുമെന്നും ഇത് 1960 ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ, ചട്ടം 48 ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും ഉത്തരവില്‍ പറയുന്നു.


അനുവാദം വാങ്ങി ഇത്തരം ചാനലുകള്‍ ആരംഭിക്കുന്ന ഉദ്യോഗസ്ഥര്‍ പ്രതിഫലം വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനും തെളിയിക്കുന്നതിനും പ്രായോഗിക തടസ്സങ്ങള്‍ ഉണ്ട്. അതിനാല്‍ ആരോഗ്യ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തുന്നു എന്നാണ് ഉത്തരവ്. സമൂഹമാധ്യമങ്ങളില്‍ ചാനലുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ലഭ്യമാകുന്ന അപേക്ഷകള്‍ ജില്ലാതലത്തിലോ സ്ഥാപനതലത്തിലോ നിരസിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Tags