കൂടുതൽ കർഷകരെ ക്ഷീര മേഖലയിലേക്ക് ആകർഷിക്കുക സർക്കാർ ലക്ഷ്യം ; മന്ത്രി ജെ ചിഞ്ചുറാണി
ഇടുക്കി : ജില്ലയിലെ കൂടുതൽ കർഷകരെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ രൂപീകരിച്ചതായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. സർക്കാരിന്റെ നാലാം നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി വാത്തിക്കുടി ബ്ലോക്കിലെ പടമുഖം ക്ഷീരസഹകരണ സംഘത്തിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കർഷകർക്ക് പുതിയ പശുക്കളെ വാങ്ങാനായി പലിശരഹിത വായ്പകൾ വകുപ്പ് നൽകും. അതിദരിദ്രർക്ക് പശുക്കളെ വാങ്ങാൻ 95 % സബ്‌സിഡിയോടെയുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പശുക്കളെ കേരളത്തിൽ നിന്ന് തന്നെ വാങ്ങുന്നത്തിനായി കിടാരി പാർക്ക് പദ്ധതി തുടരുമെന്നും മന്ത്രി പറഞ്ഞു. പാൽ വലിയ അളവിൽ സംഭരിക്കുന്നതിനായി 130 കോടി രൂപ മുതൽമുടക്കിൽ മലപ്പുറത്ത് പാൽപ്പൊടി ഫാക്ടറി നിർമ്മിക്കും.
രാത്രിയിലും വീട്ടുമുറ്റത്ത് വെറ്റിനറി ഡോക്ടർ, ആംബുലൻസ് എന്നിവയുടെ സേവനം ഉറപ്പാക്കാനുള്ള പദ്ധതി ഉടൻ പ്രവർത്തികമാക്കുമെന്ന് മന്ത്രി പറഞ്ഞു. കർഷകർക്ക് വെറ്റിനറി ഡോക്ടറേ ബന്ധപ്പെടണമെങ്കിൽ 1962 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും.
സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നത് വഴി ക്ഷീരസംഘങ്ങളിലെ വൈദ്യുതി ചിലവ് കുറയ്ക്കുക , സംഘത്തിന്റെ സാമ്പത്തിക സ്ഥിരത വർദ്ധിപ്പിക്കുക എന്നിവയിലൂടെ കർഷകർക്ക് കൂടുതൽ പ്രയോജനങ്ങൾ ലഭ്യമാക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കിയിട്ടുളളത്. സഹകരണ സംഘം 1066010 രൂപ സംഘം ചിലവഴിച്ച പദ്ധതിയിൽ ക്ഷീരവികസന വകുപ്പ് 8 ലക്ഷം രൂപ ധനസഹായം നൽകി.
പരിപാടിയിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പടമുഖം ക്ഷീരസഹകരണ സംഘം പ്രസിഡന്റ് ജോബി വയലിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് , വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് മറ്റ് ജനപ്രതിനിധികൾ , സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.