കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് സർക്കാരല്ല : നിലപാട് ആവർത്തിച്ച് ഗതാഗത മന്ത്രി
Transport Minister


തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് സർക്കാരല്ലെന്ന് ആവർത്തിച്ച് മന്ത്രി ആന്റണി രാജു. സർക്കാർ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർക്കാണ് ​ഗവൺമെന്റ് നേരിട്ട് ശമ്പളം കൊടുക്കുന്നത്. പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ടതും വരുമാനം കണ്ടത്തേണ്ടതും അതത് സ്‌ഥാപനങ്ങളുടെ ചുമതലയാണ്.

സാമ്പത്തിക സഹായം ചെയ്യുന്ന കാര്യത്തിൽ സർക്കാരിന് പരിമിതികളുണ്ട്. എല്ലാ മേഖലയിലും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ എല്ലാ ചെലവും വഹിക്കാൻ സർക്കാരിന് കഴിയില്ല. താൻ പറഞ്ഞത് ശരിയാണെന്ന് ധനമന്ത്രിയും പറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് സർക്കാർ കെഎസ്ആർടിസിയെ സഹായിച്ചു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകുമോ എന്ന കാര്യം പറയേണ്ടത് കെഎസ്ആർടിസി മാനേജ്മെന്റാണെന്നും മന്ത്രി വ്യക്‌തമാക്കി.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെ പിന്തുണച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രം​ഗത്തെത്തി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിഷയത്തില്‍ മന്ത്രി ആന്റണി രാജു പറഞ്ഞത് സര്‍ക്കാര്‍ നിലപാടാണെന്ന് ധനമന്ത്രി അറിയിച്ചു. വിഷയത്തില്‍ വകുപ്പ് മന്ത്രി പറഞ്ഞത് ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ടോള്‍ പ്ളാസയില്‍ പോലും 30 കോടി രൂപയുടെ ബാധ്യത കെഎസ്ആര്‍ടിസിക്ക് ഉണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

Share this story